കൊച്ചി: നയതന്ത്ര ചാനലിൽ സ്വർണം കടത്തുന്ന വിവരം കസ്റ്റംസിന് നൽകിയവർ സ്വപ്നയുടെ പേര് കൃത്യമായി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സരിത്തും യു.എ.ഇ കോൺസുലേറ്റ് പ്രതിനിധി റാഷിദ് ഖാമിസ് അൽ ഷിമേലിയും ബാഗേജ് കൈപ്പറ്റാൻ എത്തിയിട്ടും കസ്റ്റംസ് വിട്ടു കൊടുക്കാതിരുന്നത്.
വിവരം ലഭിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ കമ്മിഷണർ നേരിട്ട് വിളിച്ചു സോഴ്സ് ഉറപ്പാണോയെന്ന് ആരാഞ്ഞു. ബാഗിൽ സ്വർണമുണ്ടെന്ന് തറപ്പിച്ചു പറഞ്ഞതോടെ കസ്റ്റംസ് അധികൃതർ ഡൽഹിയിലെ യു.എ.ഇ എംബസിയെ അറിയിച്ച് ബാഗേജ് തുറക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
ബാഗേജ് തടഞ്ഞുവച്ചതിന് പിന്നാലെ സ്വപ്‌നയെ ബന്ധപ്പെടാൻ കസ്റ്റംസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഒഫ് ചെയ്‌ത് മുങ്ങി. അതോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകാനുമായില്ല.
നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തിലെ പ്രധാനി യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്‌ന ആണെന്ന വിവരമാണ് ഇൻഫോർമർ കൈമാറിയത്. സരിത്തിന്റെയും സന്ദീപ് നായരുടെയും പേരും വെളിപ്പെടുത്തി. മറ്റ് കള്ളക്കടത്ത് സംഘങ്ങൾക്കു വേണ്ടിയും നയതന്ത്ര ചാനലിലൂടെ ഇവർ സ്വർണം കടത്തിയതോടെയാണ് ഒറ്റുകാർ കസ്‌റ്റംസിന് വിവരം കൈമാറിയത്. കള്ളക്കടത്ത് സംഘത്തിലെ ചില പടലപ്പിണക്കങ്ങളും ഇതിന് പിന്നിലുണ്ടെന്ന് കസ്റ്റംസുകാരും സമ്മതിക്കുന്നു. അടുത്തകാലത്ത് തുടർച്ചയായി ഈ സംഘം സ്വർണം കടത്തിയതും കുടുങ്ങാൻ ഇടയാക്കി.
ആറു മാസത്തിനിടെ യു.എ.ഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ചാനൽ വഴി എട്ടു ബാഗുകളാണ് എത്തിയത്. കോൺസുലേറ്റ് വാഹനത്തിലെത്തി ബാഗുകൾ കൈപ്പറ്റണമെന്നാണ് ചട്ടം. എന്നാൽ എട്ടു തവണയും സരിത് സ്വകാര്യ വാഹനത്തിലെത്തിയാണ് ബാഗ് ഏറ്റുവാങ്ങിയത്. ഇതിനുശേഷം എല്ലായ്പ്പോഴും പേരൂർക്കട ഭാഗത്തേക്കാണ് കാർ പോകുന്നത്. അതിടെയുള്ള ഏതോ കേന്ദ്രത്തിൽ വച്ച് സന്ദീപ് നായർക്ക് ബാഗ് കൈമാറിയതായാണ് കസ്‌റ്റംസിന്റെ കണ്ടെത്തൽ. ഈ ഭാഗങ്ങളിലെ നിരവധി കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
ബാഗേജ് വിട്ടുകൊടുക്കാത്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന് വിധേയനായ കസ്‌റ്റംസ് ക്ളിയറിംഗ് ഏജന്റ്സ് അസോസിയേഷൻ നേതാവ് ഹരിരാജിനെ കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്‌തു. ആരെയും വിളിച്ചു ഭീഷണിപ്പെടുത്തിയില്ലെന്നാണ് ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. രാത്രി ഏഴു മണിയോടെ വിട്ടയച്ചു.