ആലുവ: അഞ്ചുവർഷമായിട്ടും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പുതുക്കി പണിയാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതീകാത്മക കല്ലിടൽ സംഘടിപ്പിച്ചു. അധികാരത്തിൽ വന്നാൽ കമ്മ്യൂണിറ്റി ഹാൾ യാഥാർത്ഥ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാലാവധി തികയാൻ 60 ദിവസം അവശേഷിക്കെ നിലവിലുണ്ടായിരുന്ന ഹാൾ പൊളിക്കുക മാത്രമാണ് ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. മുൻ ഭരണസമിതി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കാൻ നടപടിയെടുത്തപ്പോൾ അനാവശ്യ സമരം നടത്തി പദ്ധതി ഇല്ലാതാക്കി. ഇപ്പോഴത്തെ ഭരണസമിതി തനത് ഫണ്ട് ഉപയോഗിച്ച് കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. പ്രതീകാത്മക തറക്കല്ലിടൽ കർമ്മം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻഡ് കെ.എ. ഹൈദ്രോസ് നിർവഹിച്ചു. മുൻ പഞ്ചായത്ത് മെമ്പർ ബിന്ദു രാജീവ്, എച്ച്. ഷിയാസ്, സിജോ സന്ധ്യാവ്, ആദർശ് ഉണ്ണികൃഷ്ണൻ, സഞ്ജു വർഗീസ്, കെ. ജിതീഷ്, ആകാശ് ആലുങ്കൽ, മുഹമ്മദ് ആദിൽ എന്നിവർ പങ്കെടുത്തു.