vazha
നേന്ത്രവാഴയിൽ പടരുന്ന കുഴുപ്പുള്ളി രോഗം

കൊച്ചി: വാഴക്കർഷകരുടെ പ്രതീക്ഷകളിൽ കണ്ണീര് വീഴ്ത്തി കുഴുപ്പുള്ളി രോഗം. കായകൾ വി​കൃതമാക്കി​ നേന്ത്രൻ കുലകളുടെ വാണിജ്യ സാദ്ധ്യതകളിൽ മങ്ങലേൽപ്പിക്കുന്നതാണ് പുതിയ രോഗം.

എറണാകുളത്ത് ആലങ്ങാട് പഞ്ചായത്തിൽപെട്ട ഏതാനും കർഷകരുടെ തോട്ടങ്ങളിൽ രോഗം വ്യാപകമാണ്. സമീപത്തെ കരുമാലൂർ പഞ്ചായത്തിലേക്കും വ്യാപിക്കുന്നുണ്ട്.

കുഴുപ്പുള്ളി

പാകമായ നേന്ത്രക്കായകളിൽ കറുത്തതും തവിട്ടു നിറത്തിലുമുള്ള സൂചിക്കുത്തുകൾ. ടിഷ്യു കൾച്ചർ വാഴകളുടെ തണ്ടിലും ഇലകളിലും തവിട്ട് - മഞ്ഞ നിറങ്ങളിൽ പുള്ളിക്കുത്തുകൾ.

രോഗങ്ങൾ നേന്ത്രന്റെ ശാപം

പിണ്ടിപ്പുഴുവും മാണപ്പുഴുവും വാഴയുടെ മുഖ്യശത്രു കീടങ്ങളാണ്. ഇലപ്പുള്ളിയും പനാമ വാട്ടവും മാണമഴുകലും നിത്യശല്യങ്ങളും. അപ്പോഴാണ് പുതിയ ഒന്നിന്റെ കൂടി രംഗപ്രവേശം.

എങ്കിലും എന്റെ അങ്കുലേറ്റേ

നെൽച്ചെടിയെ ബാധിക്കുന്ന ബ്ലാസ്റ്റ്‌ രോഗത്തിന് ഹേതുവായ പൈറിക്കുലേറിയ എന്ന കുമിളിന്റെ കുടുംബത്തിലെ പൈറിക്കുലേറിയ അങ്കുലേറ്റയാണ് കുഴിപ്പിള്ളിക്ക് കാരണം.

രോഗലക്ഷണങ്ങൾ

• ടിഷ്യൂകൾച്ചർ വാഴത്തൈകളുടെ ഇലകളിലും ഇളംതണ്ടുകളിലും ദീർഘവൃത്താകൃതിയിലുള്ള തവിട്ട് നിറത്തിലും ചുറ്റും മഞ്ഞ നിറവുമുള്ള പുള്ളികൾ കാണപ്പെടുന്നു. നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാതിരുന്നാൽ രോഗം മൂർച്ഛിച്ച്‌ തൈകൾ ഉണങ്ങിക്കരിയും.

• തോട്ടങ്ങളിലെ വാഴകളുടെയും കന്നുകളുടെയും പുതിയ ഇലകളിലും തണ്ടുകളിലും കുലയുടെ നാവിലയിലും തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടും. തുടർന്ന് കുലയുടെ തണ്ടിലും അവസാന ഘട്ടങ്ങളിൽ കായകളുടെ തൊലിയെയും സാരമായി ബാധിക്കും.

• പാകമായ കായ്കളിൽ സൂചി കുത്തിയ പാടുകൾ. പിന്നീട് ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള പുള്ളികളാകും. മദ്ധ്യഭാഗത്ത് അധികം താഴ്ച്ചയില്ലാത്ത കുഴികൾ രൂപപ്പെടും. ആക്രമണം മൂർച്ഛിക്കുന്നതനുസരിച്ച് പുള്ളികൾ കൂടിച്ചേർന്ന് കായ്കൾ വിണ്ടുകീറി ഭംഗി നഷ്ടപ്പെടും. കായീച്ചയും പഴയീച്ചയും മുട്ടയിട്ട് പുഴുക്കളാകും. കുല നശിക്കും.

ഇനങ്ങൾ

നേന്ത്രൻ, ഗ്രാന്റ് നെയ്ൻ, പൂവൻ (രസ്താളി), ഞാലിപ്പൂവൻ (നെയ്പ്പൂവൻ) ഇനങ്ങളെയാണ് ബാധിക്കുക. 2019 മുതലാണ് രോഗബാധ ശ്രദ്ധയി​ൽപ്പെടുന്നത്. തൃശൂർ പുതുക്കാട്‌ മേഖലയിലും രോഗമുണ്ട്.


നിയന്ത്രണ മാർഗങ്ങൾ

• രോഗമുക്തമാണെന്ന് ഉറപ്പുള്ള ടിഷ്യൂകൾച്ചർ തൈകൾ മാത്രം ഉപയോഗിക്കുക

• പോളി എത്തിലീൻ കവറുകൾ ക്കൊണ്ട് കുലകൾ പൊതിഞ്ഞാൽ കൂമ്പിലയിലേക്കും കുലത്തണ്ടിലേക്കും വ്യാപി​ക്കി​ല്ല.

• രോഗം ബാധിച്ച് ഉണങ്ങിയ ഇലകൾ മുറിച്ച് തോട്ടത്തിൽ നിന്നും നീക്കി തീയിട്ട് നശിപ്പിക്കുക.