ആലുവ: ആശങ്ക ഇരട്ടിയാക്കി ആലുവയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. സമ്പർക്കപ്പട്ടികയിൽ മാത്രം ഇന്നലെ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയുടെയുടെ എട്ട് സഹപ്രവർത്തകർക്കും മാദ്ധ്യമ പ്രവർത്തകന്റെ സമ്പർക്കത്തിലെ നാല് പേർക്കും രോഗമുണ്ട്. എടത്തലയിലെ വ്യവസായിയുടെയും ജീവനക്കാരന്റെയും സമ്പർക്കത്തിലെ ഓരോരുത്തരും രോഗബാധിതരായി.

മാദ്ധ്യമ പ്രവർത്തകന്റെ സമ്പർക്കത്തിൽ ഒരാൾ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹിയും മറ്റ് മൂന്ന് പേർ ട്രാവത്സ് ജീവനക്കാരുമാണ്. ഇക്കൂട്ടത്തിലൊരാൾ ശനിയാഴ്ച പുലർച്ചെ ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ പത്രങ്ങളിലൂടെ നോട്ടീസ് വിതരണം ചെയ്യാനെത്തിയിരുന്നു. ഏജന്റുമാരുമായി സംസാരിച്ച് പണം കൈമാറിയിട്ടുണ്ട്.

മറ്റൊരാൾ വെള്ളിയാഴ്ച്ച റെയിൽവേ സ്റ്റേഷൻ റോഡിലെ ആരാധനാലയത്തിലും എത്തി. ഇവരുടെ മാത്രം പ്രാഥമിക സമ്പർക്കങ്ങൾ 100ൽ അധികം ആളുകളുണ്ടാകുമെന്നാണ് സൂചന.

ആലുവയിലെ ഒരു പ്രമുഖ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടമശേരി സ്വദേശിയായ കെട്ടിട നിർമ്മാണ കരാറുകാരന്റെ സമ്പർക്കത്തിൽ സ്രവം ശേഖരിച്ച 16 പേരിൽ 12 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. എന്നാലിത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കരാറുകാരന്റെ ഭാര്യയുടെയും മകന്റെയും സമ്പർക്ക പട്ടികയും ആരോഗ്യവിഭാഗം ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ ആലുവ മാർക്കറ്റുമായി ബന്ധപ്പെട്ട് 85 പേരുടെ സ്രവം ശേഖരിച്ചു.