തൊടുപുഴ: മലങ്കര അണക്കെട്ട് പ്രദേശത്ത് അനുബന്ധ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണം പൂർത്തീകരിച്ച മലങ്കര ജലസേചന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അവശേഷിക്കുന്ന ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിച്ച് ലിഫ്‌റ്റ് ഇറിഗേഷൻ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തും. കൂടാതെ 1900 ഹെക്ടറിൽ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. മൂന്നുകോടിയോളം ചെലവുവരുന്ന വിനോദസഞ്ചാര പദ്ധതി ടൂറിസംവകുപ്പിന്റെ പരിഗണനയിലുണ്ട്. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി സംസ്ഥാനത്തെ കാർഷിക, ജലസേചന മേഖലകളിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കും. നാലര പതിറ്റാണ്ടുമുമ്പ് വിഭാവനം ചെയ്ത പദ്ധതി ഇപ്പോഴെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.
ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷകർക്കായി വിഭാവനം ചെയ്ത പദ്ധതി പിന്നീട് കോട്ടയം ജില്ലയിലേക്കും വ്യാപിപ്പിച്ചു. നിലവിൽ തൊടുപുഴ, മൂവാറ്റുപുഴ, കോട്ടയം, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ നിയമസഭാ മണ്ഡലങ്ങളിലാണ് പ്രയോജനം. ഈ പദ്ധതിയിലൂടെ 18,173 ഹെക്ടറിൽ ജലസേചനസൗകര്യം സാധ്യമാക്കാനായെന്നത് ചെറിയ കാര്യമല്ല. ഉപകനാലുകൾ 95 ശതമാനവും പൂർത്തീകരിച്ചു. ശേഷിക്കുന്ന പ്രവൃത്തികൾ ഈ സാമ്പത്തികവർഷം പൂർത്തിയാക്കും. ജനുവരി മുതൽ കനാലിലൂടെ ജലവിതരണമുണ്ട്. ഇതിലൂടെ ഇരിപ്പൂകൃഷിയും ഇടവിളകളും ഉൾപ്പെടെ 33,670 ഹെക്ടറിൽ ജലസേചനം സാധ്യമാക്കി. 6,75,000 പേർക്ക് കുടിവെള്ളവും ലഭ്യമാക്കാൻ കഴിഞ്ഞതും നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര ഡാം പരിസരത്ത് ചേർന്ന യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം. എം. മണി, വി.എസ്. സുനിൽകുമാർ, എം.പിമാരായ തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ പി. ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, ആന്റണി ജോൺ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എൻജിനീയർ സി. എസ്. സിനോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയർ അലക്‌സ് വർഗീസ് സ്വാഗതം പറഞ്ഞു.