കോലഞ്ചേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡാൻസ് മാസ്റ്റർ സൗത്ത് മഴുവന്നൂർ, എഴിപ്രം തടത്തികുന്നേൽ ടി.എസ് സുരേഷ് (50) കുന്നത്തുനാട് പൊലീസിൽ കീഴടങ്ങി. ഡാൻസ് പഠനത്തിനിടെയായിരുന്നു പീഡനം.
ഇയാൾക്കെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നെങ്കിലും നാട്ടിൽ ഒതുക്കി തീർക്കുകയായിരുന്നു. പീഡനം അതിരു വിട്ടതോടെ കുട്ടി വീട്ടിലറിയിച്ചു. പിതാവ് കുന്നത്തുനാട് പൊലീസിൽ പരാതി നല്കിയതോടെ ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്കിയെങ്കിലും ലഭിച്ചില്ല. തുടർന്നാണ് കീഴടങ്ങിയത്. പീഡനത്തിനിരയായ നിരവധി കുട്ടികളുടെ കുടുംബങ്ങൾ ഇയാൾക്കെതിരെ വീണ്ടും പരാതിയുമായി രംഗത്തുണ്ട്. ഇയാൾ നേരത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ സ്‌കൂളിൽ ഡാൻസ് അദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.