ആലുവ: കണ്ടെയ്ൻമെന്റ് സോണായ കുട്ടമശേരിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ഡസൻ പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർന്ന് ഇളവുകൾ പിൻവലിക്കാനും നിയന്ത്രണങ്ങൾ കർശനമാക്കാനും തീരുമാനം.

മൂന്ന് ദിവസമായി കണ്ടെയ്മെന്റ് സോണായതിനാൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതകുറവിന്റെ പേരിലാണ് അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, സി.ഐ എൻ. സുരേഷ് കുമാർ എന്നിവർ കൂടിയാലോചിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനിച്ചത്. ഇന്നലെ വൈകിട്ടാണ്കരാറുകാരന്റെ സമ്പർക്കപ്പട്ടികയിലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സാഹചര്യം മനസിലാക്കി തീരുമാനം മാറ്റുകയായിരുന്നു.

ഇതിന് പുറമെ ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ കൂടി കീഴ്മാട് പഞ്ചായത്തിലുള്ളവരാണ്. കരാറുകാരന്റെ കുടുംബവുമായി ബന്ധപ്പെട്ട് 150 ഓളം പേരുടെ പ്രാഥമിക പട്ടികയാണ് തയ്യാറാക്കിയത്. പുറമെ സെക്കൻഡറി പട്ടികയിൽ നൂറോളം പേരുണ്ട്.പരിശോധിച്ച 16 പേരിൽ 12 പേരാണ് പോസറ്റീവായത്.