കീഴ്മാട് പഞ്ചായത്ത് പൂർണമായും എടത്തല രണ്ട്, ശ്രീമൂലനഗരം നാല്, ചെങ്ങമനാട് 14 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ
ആലുവ: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ മേഖലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ വിപുലമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും പൂർണമായി കണ്ടെയ്ൻമെന്റ് സോണിലായി. എടത്തല പഞ്ചായത്തിലെ രണ്ടാം വാർഡ്, ശ്രീമൂലനഗരം പഞ്ചായത്തിലെ നാലാം വാർഡും ചെങ്ങമനാട് പഞ്ചായത്തിലെ 14 -ാം വാർഡും നിയന്ത്രണത്തിൽപ്പെടുത്തി.
നേരത്തെ ആലുവ നഗരസഭയിൽ 15 വാർഡുകളായിരുന്നു അടച്ചത്. കീഴ്മാട് പഞ്ചായത്തിൽ കുട്ടമശേരി ഭാഗത്തെ 4,5 വാർഡുകളിൽ മാത്രമായിരുന്നു നിയന്ത്രണം.
എടത്തലയിൽ 1,4,13 വാർഡുകൾക്ക് പുറമെയാണ് ഇപ്പോൾ ചൂണ്ടി പ്രദേശം ഉൾപ്പെടുന്ന രണ്ടാം വാർഡും കണ്ടെയ്മെന്റ് സോൺ പരിധിയിലാക്കിയത്.മൂവാറ്റുപുഴ മത്സ്യ മാർക്കറ്റ് കൊവിഡ് ഭീതിയെ തുടർന്ന് അടച്ചു. ആർ.ഡി.ഒ.യാണ് ഉത്തരവിട്ടത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ നിത്യേന നൂറുകണക്കിനു ലോഡ് മത്സ്യമാണ് ഇവിടെയെത്തുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് പൂട്ടാൻ ഉത്തരവായത്.