brahmapuram-plants
ബ്രഹ്മപുരം പ്ളാന്റ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് ഇരുട്ടിൽ നിന്ന് മോചനം. രണ്ടു ദിവസത്തിനകം ട്രാൻസ്‌ഫോമറിലെ തകരാർ പരിഹരിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ധനകാര്യസമിതി യോഗം പ്ളാന്റിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിന് പണം അനുവദിച്ചതോടെ ഫയലിലെ കുരുക്കുകൾ നീങ്ങി.

കൊച്ചി നഗരത്തിലെ മാത്രമല്ല ഏലൂർ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, ആലുവ മുനിസിപ്പാലിറ്റികളിലെയും മാലിന്യം സംസ്‌കരിക്കുന്നത് ബ്രഹ്മപുരത്തെ പഴയ പ്ലാന്റിലാണ്. ബദൽ മാർഗങ്ങളില്ലാത്തതിനാൽ എന്തെങ്കിലും കാരണവശാൽ പ്ളാന്റിലെ സംസ്കരണം നിലച്ചാൽ നഗര വീഥികൾ മാലിന്യം കൊണ്ടു നിറയുന്ന സ്ഥിതിയാവും.

സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വൈദ്യുതി തകരാറിന് പരിഹാരം കാണാൻ വൈകിയതെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ പറഞ്ഞു. കാൽ ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രമേ നഗരസഭ സെക്രട്ടറി വഴി പാസാക്കാൻ കഴിയുകയുള്ളു. അതിന് മേലെയുള്ള തുകയ്ക്ക് ഫിനാൻസ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. ഡെപ്യൂട്ടി മേയർ കൂടിയായ കെ.ആർ.പ്രേമകുമാറാണ് ധനകാര്യ സമിതി ചെയർമാൻ. വ്യാഴാഴ്ച നടന്ന ധനകാര്യ സമിതി യോഗത്തിൽ പ്ളാന്റിലെ പണിക്ക് ആവശ്യമായ അരലക്ഷം രൂപ അനുവദിച്ചു.

അറ്റകുറ്റപ്പണി നാളെ ആരംഭിക്കും

തിങ്കളാഴ്ച തന്നെ അറ്റകുറ്റപ്പണി ആരംഭിക്കും.ഒരു മാസമായി പ്ലാന്റ് ഇരുട്ടിലാണെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നഗരസഭ ഉറക്കം വിട്ടുണർന്നത്. കളക്ടർ എസ്.സുഹാസിന്റെ നിർദേശപ്രകാരം കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരും പ്ളാന്റു നടത്തിപ്പുകാരനായ കരാറുകാരനോട് ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു.

ജൂൺ ഏഴിനാണ് പ്ലാന്റിലെ വൈദ്യുതി വിതരണം നിലച്ചത്. രാവിലെ ആറു മുതൽ രാത്രി പത്തു വരെയായിരുന്നു പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. വൈദ്യുതി​ പോയതോടെ വൈകിട്ട് ആറിന് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. പ്ളാന്റിന്റെ ചുമതലയുള്ള നഗരസഭ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതെ വന്നതോടെ വാടകയ്ക്കെടുത്ത ജനറേറ്ററിന്റെ സഹായത്തോടെയാണ് കരാറുകാരൻ മാലിന്യസംസ്കരണം നടത്തിയിരുന്നത്.