കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് മറ്റു മേഖലകൾ കരകയറിത്തുടങ്ങിയെങ്കിലും ടൂറിസം മേഖല നീങ്ങുന്നത് കൂടുതൽ തകർച്ചയിലേക്ക്. 2018ൽ നിപ്പയും തുടർന്ന്, തുടർച്ചയായ രണ്ടു പ്രളയങ്ങളും പ്രകൃതിക്ഷോഭങ്ങളും തകർത്ത കേരളാ ടൂറിസത്തെ വൻ തകർച്ചയിലേക്കാണ് കൊവിഡ് തള്ളിയത്.
ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയ വ്യവസായ-വാണിജ്യ മേഖലകളും കാർഷിക രംഗവും വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ, കൊവിഡ് ആഗോള പ്രതിസന്ധി ആയതിനാൽ ടൂറിസം മേഖലയ്ക്ക് എന്ന് പൂർവസ്ഥിതിയിൽ എത്താനാകുമെന്ന് പ്രവചിക്കാൻ പോലുമാവാത്ത സ്ഥിതിയാണ്. കേരളത്തിന് മികച്ച വിദേശ നാണയ വരുമാനം സമ്മാനിക്കുന്നതും ലക്ഷക്കണക്കിന് ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ സംയോജനവുമായ ടൂറിസം മേഖല കരകയറാൻ കുറഞ്ഞത് മൂന്നുവർഷമെങ്കിലും എടുത്തേക്കുമെന്നാണ് എക്കണോമിക്സ് ആൻഡ് സ്റ്രാറ്രിസ്റ്റിക്സ് വകുപ്പിന്റെ വിലയിരുത്തൽ.
വിനോദ സീസൺ
മേയ്-ജൂണിലെ മൺസൂണിൽ തുടങ്ങി ആഗസ്റ്റിലെ നെഹ്റു ട്രോഫി ജലോത്സവം വരെ നീളുന്നതാണ് കേരളത്തിലെ ടൂറിസം സീസൺ. നിപ്പയും പ്രളയങ്ങളും പ്രകൃതിക്ഷോഭങ്ങളും കൊവിഡും മൂലം കഴിഞ്ഞ രണ്ടു - മൂന്നുവർഷമായി കേരളാ ടൂറിസം നേരിടുന്നത് കനത്ത തിരിച്ചടിയാണ്.
കേരള ടൂറിസം
80% : ചെറുകിട - ഇടത്തരം സംരംഭകർ
17.8% : 2019ൽ ആഭ്യന്തര സഞ്ചാരികളുടെ വർദ്ധന. വിദേശികളുടെ വർദ്ധന 8.5%
₹10,271 കോടി : 2019ലെ വിദേശ നാണയ വരുമാനം
₹45,011 കോടി : കഴിഞ്ഞവർഷത്തെ മൊത്തം വരുമാനം; വർദ്ധന 24.1%