നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കണ്ടെയ്‌മെന്റ് സോണായതിനെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എ നേതൃത്വത്തിൽ പഞ്ചായത്തിൽ അടിയന്തിര അവലോകന യോഗം ചേർന്നു. സമൂഹവ്യാപനം തടയുന്നതിനായി വാർഡിലേക്കുള്ള പ്രവേശനം ഒരിടത്ത് മാത്രമാക്കാൻ യോഗം തീരുമാനിച്ചു.ഒരു ദിവസം രണ്ട് പ്രദേശങ്ങളിലായി ഓരോ കടവീതം രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് മണി വരെ തുറക്കാൻ അനുമതി നൽകി. ആവശ്യസർവീസ് ജീവനക്കാരൊഴികെ മറ്റാരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, വൈസ് പ്രസിഡന്റ് ആശ ഏലിയാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ. രാജേഷ്, ടി.കെ. സുധീർ, ലത ഗംഗാധരൻ, പഞ്ചായത്ത് അസി. സെക്രട്ടറി കെ.സി. ദീപ,മെഡിക്കൽ ഓഫീസർ പി.ടി. എലിസബത്ത്, നെടുമ്പാശേരി സി.ഐ പി.എം. ബൈജു എന്നിവർ പങ്കെടുത്തു.