road
നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ പത്താം മൈൽ റോഡ്

പത്താം മൈൽ മനയ്ക്കക്കടവ് റോഡുകളുടെ നിർമ്മാണം പുനരാരംഭിക്കുന്നു

കോലഞ്ചേരി : പരാതികളും സമരങ്ങളും ഫലം കണ്ടു. പത്താം മൈൽ, മനയ്ക്കക്കടവ് റോഡുകളുടെ നിർമ്മാണം പുനരാരംഭിക്കുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ റോഡിലെ കുഴിയടക്കുന്ന ജോലികൾ തുടങ്ങി. മഴ കുറയുന്ന മുറയ്ക്ക് ടാറിംഗ് നടത്തും. നേരത്തെ റോ‌ഡ് നിർമ്മാണത്തിന് കരാറെടുത്തയാൾക്ക് തന്നെയാണ് നിർമ്മാണ ചുമതല. കിഫ്ബി, കേന്ദ്ര റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നടത്തിയ ഉന്നത തലയോഗത്തിലാണ് നിർമ്മാണം പൂർത്തിയാക്കുവാൻ കരാറുകാരൻ തയ്യാറായത്.

കിഫ്ബിയുടെ 29,35,39,220 രൂപയുടെ ടെണ്ടറിലാണ് റോഡ് പുനർനിർമ്മാണത്തിന് തുടക്കമിട്ടത്. 2018 ജൂലായ് 20ന് 26,54,43729 രൂപയുടെ കരാറിൽ നിർമ്മാണ തുടങ്ങി. ഇതിന്റെ ഭാഗമായി റോഡ് വീതി കൂട്ടാനായി നടത്തിയ സർവേയും തടസപ്പെട്ടു. റോഡരുകിലെ മരങ്ങൾ മുറിച്ചു മാ​റ്റുന്നതിലും പ്രതിഷേധമുയർന്നിരുന്നു. 18 മാസം കൊണ്ട് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന കരാർ അങ്ങിനെ നീണ്ടു. പിന്നീട് പലവിധ രാഷ്ട്രീയ ഇടപെടലുകളും എം.എൽ.എയും ഇടപെട്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പിന്നീട് മുന്നോട്ടു പോയില്ല.

നിർമ്മാണ സാമഗ്രകളുടെ വിലക്കയറ്റം മൂലം കരാർ തുക പുതുക്കി നശ്ചയിക്കണമെന്നായിരുന്നു കരാറുകാരന്റെ ആവശ്യം. ജനങ്ങളുടെ പരാതിയും എൽ.ഡി.എഫ് ജില്ലാ കൺവീനറുടെ അഭ്യർത്ഥനയും മാനിച്ച് സി.പി.എം.ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇതോടൊപ്പം ടാറിംഗ് നടത്താനിരുന്ന കിഴക്കമ്പലം നെല്ലാട് റോഡ് ബി.എം. മികവിൽ അ​റ്റകു​റ്റപ്പണി നടത്തി സഞ്ചാര യോഗ്യമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം മഴക്കാലത്ത് റോഡ് നിർമ്മാണം നടത്തുന്നതിനെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധവുമുണ്ട്.