മൂവാറ്റുപുഴ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ എം.സി റോഡ് എയ്ഞ്ചൽ വോയിസ് പടി, എം.വി.ഐ.പി കനാൽ പുറമ്പോക്ക് എന്നിവിടങ്ങളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പച്ചക്കറിത്തൈ നടീൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പടുത്തിയാണ് പ്രദേശത്ത് കൃഷിയിറക്കിയത്. കാടുകയറിയ ഇടം വെട്ടിത്തെളിച്ചാണ് കൃഷിയിടം ഒരുക്കിയത്. 1500 ഹൈബ്രിഡ് തൈകാളാണ് നടുന്നത്.
തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കൃഷിയുടെ പരിപാലന ചുമതല. മാറാടി കൃഷി ഭവനിൽ നിന്നും സൗജന്യമായി കിട്ടിയ വെണ്ട ,മുളക്, വഴുതന,തക്കാളി ,മുരിങ്ങ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. അന്യം നിന്നു പോകുന്ന അപൂർവയിനം ഔഷധ സസ്യങ്ങൾ കൂടി നട്ട് പരിപാലിക്കുവാനുള്ള അനുമതിയ്ക്കായി എം.വി.ഐ.പി അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽഎസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ അനഘ ഉണ്ണികൃഷ്ണനെ ആദരിച്ചു. വാർഡ് മെമ്പർ ബാബു തട്ടാർക്കുന്നേൽ, അഞ്ചാം വാർഡ് മെമ്പർ സാജുക്കുന്നപ്പിള്ളി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുധീർ.ബി,സി .പി .എം ഏരിയാ കമ്മറ്റി അംഗം എം.പി ലാൽ , ലോക്കൽ സെക്രട്ടറി എം.എൻ മുരളി വാർഡ് വികസന സമിതിയംഗം എം.എൽ.സണ്ണി , കുടുംബശ്രീ ആരോഗ്യ വാളിയന്റിയർമാർ , ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.