കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സിനിമവ്യവസായത്തെ കരകയറ്റാനുള്ള ചെറുപരീക്ഷണത്തിന് വലിയ വിജയം. മെയിൻസ്ട്രീം ടി.വി എന്ന മൊബൈൽ ആപ്പിലൂടെ പണം മുടക്കി കാണാനാകുംവിധമുള്ള ഓൺലൈൻ റിലീസിംഗ് പരീക്ഷണമാണ് വിജയം കണ്ടത്.
വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത മ്യൂസിക്കൽ ചെയർ ആണ് പുതിയ പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലും മൊബൈൽഫോണിലുമെത്തിയത്. പേ ആന്റ് വാച്ച് വിഭാഗത്തിൽ ആദ്യ ഓൺലൈൻ റിലീസിംഗ് ആണ് ഈ ചിത്രമെന്ന് സംവിധായകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രശസ്തരായ താരങ്ങളും സാങ്കേതിക പ്രവർത്തകരുമില്ലാതെ ആർക്കും സിനിമ നിർമിക്കാമെന്ന് മാത്രമല്ല ആഗോള റിലീസിംഗും നടത്താം.
മ്യൂസിക്കൽ ചെയർ റിലീസ് ചെയ്ത് ഒരാഴ്ചക്കിടെ 8300 പ്രേക്ഷകർ ഓൺലൈനിൽ കണ്ടു. ലക്ഷങ്ങളും കോടികളും മുടക്കി നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമകൾപോലും തീയേറ്ററിൽ പ്രദർശിപ്പിച്ച് വരുമാനം എടുക്കാൻ മാസങ്ങൾ വേണ്ടിവരുമെങ്കിൽ വിപിൻ ആറ്റ്ലിയുടെ പെട്ടിയിൽ അതത് ദിവസം പണം എത്തുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മനുഷ്യന്റെ ബോധ- അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയമാണ് സിനിമയുടെ പ്രമേയം. 32 വയസുള്ള എഴുത്തുകാരനായ യുവാവ് മരണഭയത്താൽ അനുഭവിക്കുന്ന ആത്മസംഘർഷങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. രചനയും പ്രധാനകഥാപാത്രവും വിപിൻ ആറ്റ്ലി തന്നെ.