• കൊവി​ഡ് ഭീതി​യി​ൽ നടത്തി​പ്പുകാർ

കൊച്ചി: കൊവിഡ് ഭീതിയ്ക്കിടയിലും അക്ഷയ കേന്ദ്രങ്ങളിൽ തി​രക്കി​ന്റെ കാലം, ഒപ്പം ആശങ്കയുടെയും.

വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് അപേക്ഷ സ്വീകരിക്കൽ, ജൻധൻ അക്കൗണ്ട് തുറക്കൽ, ക്ഷേമ പെൻഷനുകളുടെ മസ്റ്ററിംഗ് തുടങ്ങി നൂറുകൂട്ടം പണികൾക്കിടയിലേക്ക് വിദ്യാർത്ഥികൾക്കുള്ള സഹായമെന്ന വ്യാജ വാർത്ത കൂടിയെത്തിയതോടെ അക്ഷയ സെന്ററുകളി​ൽ തി​രക്കോട് തി​രക്കാണ്.

സാമൂഹ്യ അകലം പാലിക്കാൻ ടോക്കൺ​ നൽകി​യി​ട്ടും മുൻകൂട്ടി അറിയിച്ചിട്ടും ഗുണഭോക്താക്കൾ കൊവി​ഡി​നെയൊക്കെ മറന്ന് ഇടി​ച്ചുകയറുന്നു.

അക്ഷയ സെന്റർ ഉടമകൾ ആശങ്കയി​ലാണ്. ജീവനക്കാർ ഭയപ്പെട്ടാണ് സെന്ററി​ലേക്ക് വരുന്നത്.

സർട്ടിഫിക്കറ്റ് വാങ്ങാനെത്തുന്ന തിരക്ക്

പത്താം ക്ലാസ് പരീക്ഷാഫലം വന്നതോടെ അക്ഷയ സെന്ററുകളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും തി​ങ്ങി​ നി​റയുന്നു. മി​ക്കയി​ടത്തും നി​ന്നു തിരിയാൻ പറ്റാത്ത സ്ഥി​തി​.

പ്ലസ് വൺ അലോട്ട്‌മെന്റുകൾ വന്നിട്ടില്ലെങ്കിലും മുൻ കൂട്ടിവാങ്ങാനായാണ് പലരും എത്തുന്നത്. അടുത്ത ദിവസം പ്ലസ് ടു ഫലം കൂടിയെത്തുന്നതോടെ തിരക്ക് ഇനി​യും കൂടും. വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കാൻ ടോക്കൺ​ നൽകി തിരക്ക് ക്രമീകരിക്കാനാണ് ശ്രമം.

വ്യാജ സന്ദേശം വിനയായി

അക്ഷയ ഇ കേന്ദ്രങ്ങൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി ധനസഹായം നൽകുന്നു എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വ്യാജ സന്ദേശമാണ് കൂനി​ന്മേൽ കുരുവായത്.
കൊവിഡ് സപ്പോർട്ടിംഗ് പദ്ധതി പ്രകാരം ഒന്ന് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകുന്നുവെന്നും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്നുമുള്ള തരത്തിലാണ് സന്ദേശം.ഇതു കണ്ട് നിരവധി പേർ അക്ഷയ കേന്ദ്രങ്ങളിലെത്തുന്നു. അദ്ധ്യാപകർ വരെ അന്വേഷകരായി​.

അ​ന്വേ​ഷ​ണം​ ​വേ​ണം

വ്യാജസന്ദേശത്തെക്കുറി​ച്ച് അന്വേഷണം വേണം. കൊവി​ഡ് കാലത്ത് ഇത്തരം കുതന്ത്രങ്ങൾക്ക് പി​ന്നി​ലുള്ളവരെ നി​യമത്തി​ന് മുന്നി​ൽ കൊണ്ടുവരണം. അക്ഷയ സെന്ററുകളി​ൽ കുട്ടി​കൾ അധി​കമെത്തുന്ന സമയമാണി​ത്.

സൽജിത്ത് പട്ടത്താനം, സെക്രട്ടറി​,

അക്ഷയ എൻട്രപ്രണേഴ്‌സ് വെൽഫെയർ അസോസിയേഷൻ


കൊവിഡിനിടെ പെൻഷൻ മസ്റ്ററിംഗും

ബാങ്ക് അക്കൗണ്ട് എടുക്കലും

കൊവിഡ് വ്യാപകമാകുന്നതിനിടയിലാണ് ക്ഷേമ പെൻഷനുകൾക്കുള്ള മസ്റ്ററിഗുകൾ അക്ഷയ കേന്ദ്രങ്ങൾ വഴി നടക്കുന്നത്. പ്രായമായവർ അക്ഷയാ കേന്ദ്രങ്ങളിൽ എത്തുന്നത് വെല്ലുവിളിയായതിനാൽ മസ്റ്ററിംഗ് തീയതി നീട്ടിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 15ന് മസ്റ്ററിംഗ് പൂർത്തിയാക്കണം. കണ്ടെയ്ൻമെന്റ് സോണിൽ പിന്നീട് സമയം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.