പറവൂർ : കർശന നിയന്ത്രണങ്ങൾക്ക് വിധേയമായി പറവൂർ, പെരുമ്പടന്ന മത്സ്യ മാർക്കറ്റുകൾ പ്രവർത്തിക്കാൻ ധാരണയായി. നഗരസഭ ചെയർമാൻ നേതൃത്വത്തിൽ കച്ചവടക്കാരുമായി നടന്ന യോഗത്തിലാണ് തിരുമാനം. ബുധനാഴ്ച മുതലാണ് മാർക്കറ്റുകൾ തുറന്ന് പ്രവർത്തിക്കുക. തിരക്ക് നിയന്ത്രിക്കാൻ ഹോം ഗാർഡുകളെ നിയമിക്കും. പെരുമ്പടന്നയിൽ 20 പേരിലും, പറവൂർ മാർക്കറ്റിൽ 25 പേരിലും കൂടുതൽ ഒരേ സമയം അനുവദിക്കില്ല. ഇതിനായി ബാരിക്കേഡ് കെട്ടി നിയന്ത്രണം ഏർപ്പെടുത്തും. ഇവർക്ക് ടോക്കൺ നൽകും. തെർമൽ സ്കാനറും സാനിറ്റെയ്സറും കച്ചവടക്കാർ ഉറപ്പാക്കണം. ലേലം വിളി അനുവദിക്കില്ലെന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകിയതെന്ന് ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു. യോഗത്തിൽ മുൻ ചെയർമാൻമാരായ രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ എന്നിവരും കച്ചവടക്കാരുടെ പ്രതിനിധികളും പങ്കെടുത്തു. പറവൂർ പച്ചക്കറി മാർക്കറ്റ് ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കും.