കൊച്ചി: വിവിധ വകുപ്പുകളിലായി എട്ട് ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന് ഭരണം നടത്തുന്ന മുഖ്യമന്ത്രി സ്വന്തം ഓഫീസിൽ അന്താരാഷ്ട കുറ്റവാളിയായ സ്ത്രീ നിയമിക്കപ്പെട്ടതും യഥേഷ്ടം വിലസിയതും അറിഞ്ഞില്ല എന്നു പറയുന്നത് ലജ്ജാകരമാണെന്നും മുഖ്യമന്ത്രി സ്വന്തം ഉപദേഷ്ടാക്കളെ പിരിച്ചുവിട്ട് സ്വർണക്കടത്തിൽ ഇവരിലാർക്കെങ്കിലുമൊക്കെ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ ആവശ്യപ്പെട്ടു. ഉപദേഷ്ടാക്കളിൽ ചിലർ മുഖ്യമന്ത്രിയുടെ സ്വദേശത്തെയും വിദേശത്തെയും യാത്രകളിൽ സ്ഥിരം അനുഗമിക്കുന്നവരാണ്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം മുതലെടുത്ത് വിദേശി സംഘങ്ങളുമായി ബന്ധമുണ്ടാക്കിയവരുമുണ്ട്. ഈ ബന്ധങ്ങളിൽ സ്വർണ കടത്തുകാരുടെ കണ്ണികളുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വർണ കടത്ത് കേസ് എൻ.ഐ.എ അന്വേഷിക്കുന്ന സാഹചര്യത്തിൽ നേരത്തെ എൻ.ഐ.എയുടെ തലവനായിരുന്ന ബഹ്റയെ ഡി.ജി.പി.സ്ഥാനത്ത് നിന്ന് മാറ്റി മറ്റാർക്കെങ്കിലും ചുമതല നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം അന്വേഷണം നീതി പൂർവമാകില്ലെന്നും ധനപാലൻ പ്രസ്താവനയിൽ പറഞ്ഞു.