കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജപട്ടയം തയ്യാറാക്കിയെന്ന കേസിൽ അന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
തൃക്കാക്കര വാഴക്കാല വില്ലേജിൽ 27.9 ആർ വസ്തു വ്യാജപട്ടയം ഉണ്ടാക്കിയാണ് വിൽപ്പന നടത്തിയതെന്ന് ആരോപിച്ച് അഡ്വ. പോളച്ചൻ പുതുപ്പാറ സമർപ്പിച്ച സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.
എറണാകുളം സെൻട്രൽ പൊലീസ് ജൂലായ് 1ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്. എറണാകുളം - അങ്കമാലി രൂപതയ്ക്ക് 1976 ൽ ലഭിച്ചതെന്ന് അവകാശപ്പെടുന്ന പട്ടയത്തിൽ പ്രഥമദൃഷ്ട്യ പിശകുണ്ടെന്ന് പരാതിക്കാരനായ അഡ്വ. പോളച്ചൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1976 ൽ അതിരൂപതയുടെ പേരിനൊപ്പം അങ്കമാലി എന്ന സ്ഥലനാമം ഇല്ലായിരുന്നു. 1992 ലാണ് ഇത് എറണാകുളം - അങ്കമാലി അതിരൂപതയായത്. എന്നാൽ 76 ലെ പട്ടയത്തിൽ ഇതേപേര് കാണുന്നത് കൃത്രിമരേഖയുണ്ടാക്കിയപ്പോൾ പറ്റിയ പിശകാണെന്നും സംഗതി വ്യാജമാണെന്ന് അടിവരയിട്ട് തെളിയിക്കുന്നതുമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. അതിരൂപതയുടേതെന്ന് അവകാശപ്പെടുന്ന പട്ടയത്തിൽ സൂചിപ്പിച്ചിരിക്കുന്ന നമ്പരിൽ കുമ്പളം വില്ലേജിൽ ചെമ്മനത്തുകരയിലുള്ള ഒരു കുഞ്ഞിത്താത്തയുടെ പേരിലുള്ളതാണെന്ന് വിവരാവകാശ രേഖയിൽ നിന്ന് വ്യക്തമാണെന്നും അഡ്വ.പോളച്ചൻ പറഞ്ഞു. അതിരൂപതയുടെ ഫിനാൻസ് ഓഫീസറായിരുന്ന ഫാ. ജോഷി പുതവയാണ് കേസിലെ ഒന്നാം പ്രതി. റിയൽ എസ്റ്റേറ്റ് നടത്തിപ്പുകാരൻ സാജു വർഗീസ്,കർദ്ദിനാൾ ജോർജ് ആലഞ്ചേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.