കൊച്ചി: അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വർക്കല എസ്.ആർ മെഡിക്കൽ കോളേജിന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പിൻവലിച്ച സംസ്ഥാന സർക്കാർ നടപടിയും വിദ്യാർത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റണമെന്ന കേന്ദ്ര നിർദേശവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ മാനേജ്‌മെന്റ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പിൻവലിക്കാനും വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റാനും കേന്ദ്രം നിർദ്ദേശിച്ചിരുന്നു. 2016 ജൂലായ് ഏഴിന് നൽകിയ സർട്ടിഫിക്കറ്റ് 2020 ജനുവരി അഞ്ചിനാണ് പിൻവലിച്ചത്.
സെമസ്റ്റർ പരീക്ഷകൾ എഴുതാൻ അനുമതി തേടി വിദ്യാർത്ഥികളും ഹർജി നൽകിയിരുന്നു. എഴുതിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് പ്രമോഷൻ നൽകണമെന്നും മറ്റ് കോളേജുകളിലേക്ക് മാറി പഠനം തുടരാൻ അനുവദിക്കണമെന്നുമുള്ള വിദ്യാർത്ഥികളുടെ ഹർജികളും അപ്പീലിനൊപ്പം പരിഗണിച്ചു.
പരീക്ഷ, പ്രൊമോഷൻ തുടങ്ങിയവയിൽ സർവകലാശാലക്ക് തീരുമാനമെടുക്കാം. മറ്റ് കോളേജുകളിലേക്ക് വിദ്യാർത്ഥികളെ മാറ്റാൻ എത്രയും വേഗം നടപടി വേണം. വിദ്യാർത്ഥികളുടെ അപേക്ഷ, അവരുടെ താമസസ്ഥലം തുടങ്ങിയവ പരിഗണിച്ച് നിയമപരമായി വേണം കോളേജ് മാറ്റം. സർട്ടിഫിക്കറ്റുകൾ എത്രയും വേഗം തിരികെ നൽകണം. വീഴ്ച വരുത്തിയാൽ രേഖകൾ സർക്കാരിന് പിടിച്ചെടുക്കാമെന്നും കോടതി വ്യക്തമാക്കി.