പിറവം : ഫയർഫോഴ്സിന് ഡിങ്കി ബോട്ട് നൽകുന്നതിന് സർക്കാർ ഉത്തരവായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 2018-ലെ പ്രളയത്തിനു ശേഷം സർക്കാരിനോട് ഡിങ്കി ബോട്ട്, പരിശീലനം ലഭിച്ച സ്‌കൂബാ ടീം, സ്‌കൂബാ സെറ്റുകൾ എന്നിവ ആവശ്യപെട്ടിരുന്നു. സ്‌കൂബാ ടീമിനെയും സ്‌കൂബാ സെറ്റുകളും ഇതനുസരിച്ചു കിട്ടിയിരുന്നുവെങ്കിലും ഇതിന്റെ പ്രവർത്തനം പൂർണ്ണമായും പ്രയോജനപ്പെടുത്തണമെങ്കിൽ ഡിങ്കി ബോട്ട് കൂടി ആവശ്യമായിരുന്നു.ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയായത്. പുഴകളിലും മറ്റും അപകടത്തിൽ പെടുന്നവരെ തിരയുന്നതിനാണ് ഡിങ്കി ബോട്ട് ഉപയോഗിക്കുന്നത്. ഇതു കൂടി ലഭിക്കുന്നതോടെ പിറവം ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് വേഗത കൂടുമെന്നും അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.