trolling
ട്രോളിംഗ് നിരോധനം

ഫോർട്ടുകൊച്ചി: ട്രോളിംഗ് നിരോധനവും കൊവിഡ് ഭീതിയും മൂലം കൊച്ചിയിൽ മീൻ കിട്ടാതായി. മത്സ്യപ്രിയർക്ക് ആശ്രയം പച്ചക്കറിയും ഉണക്കമീനും.

സംസ്ഥാനത്തെ ഹാർബറുകൾ ഈ മാസം 31 ന് മാത്രമേ തുറക്കൂ.അതിനിടെയാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൈപ്പിൻ, മുനമ്പം, ചെല്ലാനം

ഹാർബറുകൾക്ക് പൂട്ട് വീണത്.

കൊച്ചിയിലെ മാർക്കറ്റുകളിൽ പ്രധാനമായും തോപ്പുംപടി, വൈപ്പിൻ, ചെല്ലാനം, ഫോർട്ടുകൊച്ചി, ചമ്പക്കര എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും മീൻ എത്തുന്നത്. ഹാർബറുകൾ അടച്ചതോടെ തീൻമേശകളിൽ നിന്ന് മീൻ കറി വിടവാങ്ങി. പകരം പച്ചക്കറിയും ഉണക്കമീനും സ്ഥാനം പിടിച്ചു.

മട്ടൻ, താറാവ്, ബീഫ്, ചിക്കൻ എന്നിവക്ക് വില കുത്തനെ ഉയർന്നു. നിരോധനമില്ലാത്ത സ്ഥലങ്ങളിൽ നിന്നും എത്തുന്ന മീൻ വാങ്ങാൻ മാർക്കറ്റുകളിൽ ആളില്ല. ചാളയും അയലയും മാർക്കറ്റുകളിൽ കിട്ടാതായി.തിലോപിയ, കൂരി, പള്ളത്തി, കൊഴുവ, പൊടിമീൻ എന്നിവക്ക് വില കുതിച്ചുയർന്നു. ചെമ്മീനും ഞണ്ടും കിട്ടാതായി.

അരൂർ സമുദ്രോത്പന്ന ശാലയിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടത്തെ മൽസ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി. മീനും ചെമ്മീനും കിട്ടാതായതോടെ സംസ്ഥാനത്തെ പല മത്സ്യ സംസ്ക്കരണ ശാലകളും പ്രവർത്തനം നിറുത്തിവെച്ചിരിക്കുകയാണ്.

ബീഫ് 350

ചിക്കൻ 100

മട്ടൻ 700

താറാവ് ഒന്നിന് 400 രൂപ.

ചൂണ്ട വേണ്ട, കുട്ടവഞ്ചി വേണ്ട

• കറിക്ക് മീനിന് ചൂണ്ടയിടാമെന്ന് വെച്ചാൽ പൊലീസ് അതിനും സമ്മതിക്കാത്ത സ്ഥിതിയാണെന്ന് ചൂണ്ടക്കാരുടെ പരാതി.

• ഉൾനാടൻ മൽസ്യബന്ധനവും കുട്ട വഞ്ചിമീൻപിടുത്തവും വിലക്കി.