91,538 ഹെക്ടർ കേരളത്തിൽ പ്ലാവുകളുള്ളത്
2000 ടൺ ചക്കയും തിന്നു തീർത്തു
കയറ്റുമതി ചെയ്യാറുള്ള 2000 ടൺ ചക്കയും തിന്നു തീർത്തതായാണ് ജാക്ക്
ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കണക്ക്.
കോലഞ്ചേരി: കൊവിഡു കാലം ചക്കയുടെ കാലമായിരുന്നു. വിളയുന്ന ചക്കയിൽ 30 ശതമാനവും പാഴാക്കി കളയുന്ന മലയാളി കൊവിഡ് കാലത്ത് പതിവു തെറ്റിച്ചു. ലോക്ക് ഡൗണിൽ വീട്ടിലിരുന്നവർ ചക്കയൊക്കെ തിന്നു തീർത്തു. ഇത്തവണ 10 ശതമാനംപോലും പാഴാക്കിയില്ല. ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ കണക്ക് പ്രകാരം കൊവിഡ് കാലത്ത് മലയാളി ഏറെ സ്‌നേഹിച്ച ഫലവും,പഴവും ചക്കയാണെന്ന് പറയുന്നു. മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചിരുന്ന 725 ടൺ ചക്കയിൽ വളരെ കുറവ് മാത്രമേ ഇത്തവണ പോയിട്ടുള്ളൂ. സംസ്‌കരിച്ച ഇടിച്ചക്കയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെറിയ തോതിൽ യൂറോപ്പിലേക്ക് അയയ്ക്കാനായത്. മാർച്ചിൽ കൊവിഡ് പിടിമുറുക്കിയതോടെ കയറ്റുമതി നിലച്ചു.
തമിഴ്‌നാടും കർണാടകയും കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളെ വിലക്കിയതോടെ അവിടേയ്ക്ക് ചക്കപോയില്ല.
എന്നാൽ, കേരളത്തിൽ പച്ചക്കറിയിനത്തിലും പഴങ്ങളുടെ കൂട്ടത്തിലും ഏറ്റവും ഉപയോഗിച്ചത് ചക്കയാണെന്ന് കൗൺസിൽ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് പണം ഈടാക്കാതെ ചക്ക വ്യാപകമായി വിതരണം ചെയ്തു. ഈ സമയത്ത് ചക്ക ഉപയോഗിക്കാത്ത ഒരു കുടുംബം പോലും കേരളത്തിലില്ലെന്നാണ് കണ്ടെത്തൽ.
സാധാരണയായി ഉപയോഗിക്കാതെ തള്ളുന്ന കൂഴച്ചക്ക ഇത്തവണ പുഴുങ്ങുന്നതിനും കറിവെയ്ക്കുന്നതിനുമായി പ്രയോജനപ്പെടുത്തി. അതോടെയാണ് പാഴായിപ്പോകുന്ന ചക്കയുടെ അളവ് കുറഞ്ഞത്.