കൊച്ചി: കൊവിഡ് അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ.സി.യു) സജ്ജീകരിച്ചു.
40 കിടക്കകൾക്കും വെന്റിലേറ്റർ പ്രത്യേകം ഉണ്ട്.
തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ ഒരേ സമയം വെന്റിലേറ്റർ സഹായത്തോടെ ചികിത്സിക്കാം. ഇതോടെ മെഡിക്കൽ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി. ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് സോഫ്ട് വെയറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം.
സജ്ജീകരണങ്ങൾ
പി.ഡബ്ല്യു.ഡി നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐ.സി.യു ബ്ലോക്ക്ത്. ഇമേജ് ട്രാൻസ്ഫർ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, 3 വീഡിയോ ലാറിംഗ് ഗോസ്‌കോപ്പ്, അൾട്രാ സൗണ്ട്, ഡിജിറ്റൽ എക്‌സ് റേ. സെൻട്രലൈസ്ഡ് എസി വിച്ഛേദിച്ച് ടവർ എസിയിലും ഐ.സി.യു പ്രവർത്തിപ്പിക്കാനാകും. സി.സി.ടി.വി കാമറ ശൃംഖലയും ഒരുക്കിയിട്ടുണ്ട്. അണുബാധ തടയുന്നതിനായി വാതിലുകൾ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമാണ്. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ബി.പി.സി.എല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും പുതിയ ഐ.സി.യുവിന് ലഭിച്ചു.