kadamba
വിസ്മൃതിയിലാകുന്ന കടമ്പ്രയാർ

കിഴക്കമ്പലം: പാളിപ്പോയ കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതി കൊവിഡ് കൂടി വന്നതോടെ ഇല്ലാതാകുന്ന ലക്ഷണത്തിലാണ്.

ജില്ലയിലെ പ്രമുഖ ജല ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കടമ്പ്രയാർ. കോടികൾ മുടക്കി നിർമ്മിച്ച പദ്ധതി നേരത്തേ തന്നെ അലങ്കോലപ്പെട്ടു.

കൊവിഡ് കാലത്ത് ഒരു വിനോദ സഞ്ചാരി പോലും ഇവിടേക്ക്തിരിഞ്ഞുനോക്കാനില്ല.

വാക്ക് വെ, തൂക്കു പാലം, പെഡൽ ബോട്ടുകൾ എല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. വേനലവധിക്കാലത്ത് സഞ്ചാരികളെ പ്രതീക്ഷിച്ചെങ്കിലും ആരുമെത്തുന്നില്ല. റെസ്റ്റോറന്റ് അടച്ചു. ജനസാന്നിധ്യം ഇല്ലാതായതോടെ മയക്കു മരുന്ന് മാഫിയകളും സാമൂഹ്യവിരുദ്ധരും പ്രദേശം കൈയ്യടക്കി.

ടൂറിസം പദ്ധതി ഇനി എന്ന് പഴയനിലയിലെത്തുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കരാറുകാർ. കിഴക്കമ്പലം, എടത്തല പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പ്രധാന തോടുകൾ സംഗമിക്കുന്ന സ്ഥാനമാണ് വിനോദ കേന്ദ്രത്തിന്റെ മുഖ്യസ്ഥാനം. ഇവിടെയെത്തുന്നവർക്കായി ഒരു ഭക്ഷണശാലയും പ്രവർത്തിച്ചിരുന്നു. പെഡൽ ബോട്ടുകളും മോട്ടോർ ബോട്ടുകളും കുട്ടവഞ്ചികളും ഉണ്ടായിരുന്നു.അമ്പതോളം പേർക്ക് ഒരേസമയം ബോട്ടിംഗിന് സൗകര്യവും ഒരുക്കി. ഇതെല്ലാം ഇന്ന് അനക്കമില്ലാതെ സർവനാശത്തിലേക്ക് നീങ്ങുകയാണ്‌.