bridge
തടിക്കക്കടവ് പാലത്തിനോട് ചേർന്ന് ലഹരി സംഘങ്ങൾ തമ്പടിക്കുന്ന പ്രദേശം

പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

നെടുമ്പാശേരി: അടുവാശേരി - തടിക്കക്കടവ് പാലം കേന്ദ്രീകരിച്ച് ലഹരി കൈമാറ്റവും ഉപയോഗവും നടക്കുന്നതായി

വ്യാപക പരാതി. രാപകൽ വ്യത്യാസമില്ലാതെയാണ് ആളുകൾ ഇവിടെ തമ്പടിക്കുന്നത്. ചൂണ്ടയിടാനെന്ന വ്യാജേനെ ആഢംബര വാഹനങ്ങളിൽ എത്തുന്നവർ മണിക്കുറോളമാണ് പാലത്തിന് താഴെ ചെലവഴിക്കുന്നത്. നാട്ടുകാരും പല തവണ ലഹരി ഉപയോഗിക്കുന്നവരെ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധമാണ് ഇവർ സംഘം ചേരുന്നത്. കാറിലിരുന്ന് മദ്യപിക്കുന്നതും പതിവാണ്. പ്രദേശവാസികൾ എത്തിയാൽ കുപ്പി ഉപേക്ഷിച്ച് സ്ഥലം കാലിയാക്കും. പൊലിസിനെയോ എക്‌സൈസിനെയോ വിവരം അറിയിച്ചാൽ ഇവർ എത്തുന്നതിന് മുന്നേ സംഘങ്ങൾ കടന്നുകളയും. സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. സുധീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.

രണ്ടാഴ്ച മുമ്പ് പിടിച്ചത്

ഒരു കിലോ കഞ്ചാവ്

രണ്ടാഴ്ച്ച മുമ്പ് കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇവിടെ നിന്നും രണ്ട് കാറുകളിലായി എത്തിയ രണ്ട് പേരെ ചെങ്ങമനാട് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കാറുകളും പിടിച്ചെടുക്കുകയും ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ ഓടി രക്ഷപ്പെട്ടു. മദ്യപ സംഘം സഞ്ചരിച്ച കാർ സമീപത്തെ മതിലിൽ ഇടിച്ചുകയറിയ സംഭവും കഴിഞ്ഞ ദിവസമുണ്ടായി. ഒരു മണിക്കൂറിലേറെ സമയം പാലത്തിന് താഴെ കാറിലിരുന്ന് മദ്യപിച്ച ശേഷം മടങ്ങും വഴിയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ അമിത മദ്യ ലഹരിയിലായിരുന്നുവെന്ന് കണ്ടെത്തി.

ഇന്നലെ രാവിലെയും ഇത്തരം സംഘങ്ങൾ പുഴയുടെ തീരത്ത് എത്തിയെങ്കിലും നാട്ടുകാർ സംഘടിച്ചെത്തി ഓടിക്കുകയായിരുന്നു. ലഹരി മാഫിയകൾ പ്രദേശത്ത് തുടർച്ചയായി തമ്പടിക്കുന്നത് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്.