nia

കൊച്ചി: കൃത്യമായ തെളിവ് ശേഖരിക്കൽ ആദ്യം, പിന്നാലെ പ്രതികളുടെ അറസ്റ്റ്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഈ പതിവ് സ്വർണക്കടത്ത് കേസിൽ വഴിമാറി. അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ച എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം പ്രധാന പ്രതികളെ കസ്റ്റ‌ഡിയിൽ എടുത്തു.

ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ നിന്ന് മുങ്ങിയ രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരെയാണ് പതിവ് വിട്ട വഴികളിലൂടെ എൻ.ഐ.എ പിടികൂടിയത്.

നിർണായകമായ കേസുകളിൽ പ്രതികളെ കണ്ടെത്തി നിരീക്ഷിക്കുമെങ്കിലും അറസ്റ്റിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് മുൻഗണന നൽകാറുള്ളതെന്ന് കേന്ദ്ര ഏജൻസി വൃത്തങ്ങൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കുമ്പോൾ തന്നെ ശക്തമായ തെളിവുകൾ കൈവശം വയ്ക്കാനാണിത്.

തിരുവനന്തപുരം സ്വർണക്കടത്തിൽ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി ഉൾപ്പെടെ ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിനാണ് മുൻഗണന നൽകിയതെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.

സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിച്ചയുടൻ എൻ.ഐ.എ അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ചിരുന്നു. കസ്റ്റംസ് കമ്മിഷണറിൽ നിന്നുള്ളൾപ്പെടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സ്വപ്ന ഒളിവിൽ കഴിയാനിടയുള്ള കേന്ദ്രങ്ങളും എൻ.ഐ.എ നിരീക്ഷിച്ചിരുന്നു. അന്വേഷണം കേന്ദ്ര സർക്കാർ കൈമാറിയ ഉടൻ എൻ.ഐ.എ ആക്‌ഷനിലേക്കും കടന്നു. പ്രതികളുടെ ഫോൺ നമ്പരുകൾ പിന്തുടർന്നതാണ് അതിവേഗത്തിൽ അറസ്റ്റിന് വഴിതെളിച്ചത്.