ആലുവ: കൊവിഡ് സമ്പർക്ക ഭീതിയെ തുടർന്ന് ആലുവ മാർക്കറ്റ് അടച്ചതോടെ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളിലെ കർഷകർ ദുരിതത്തിലായി. ഏത്തവാഴ, കപ്പ, ചീര എന്നിവ വിളവെടുപ്പിന് പാകമായി നൽക്കുകയാണ്. എന്നാൽ മാർക്കറ്റിന് പൂട്ട് വീണതോടെ വിളവെടുത്താൽ വിൽക്കാൻ കഴിയാത്ത അവസ്ഥ. ഹോൾട്ടികോർപ്പ് അടിയന്തിരമായി ഇടപെട്ട് കർഷകരിൽ നിന്നും ന്യായമായ വിലയ്ക്ക് പച്ചക്കറി ശേഖരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം ഉളിയന്നൂർ- കുഞ്ഞുണ്ണിക്കര ദ്വീപിൽ പാചകവാതക വിതരണവും തടസപ്പെട്ടു. ഗോഡൗണിൽ വിതരണത്തിനായുള്ള പാചകവാതകമുണ്ട്. എന്നാൽ വിതരണ വാഹനം പുറത്തിറങ്ങാൻ പൊലീസ് സമ്മതിക്കുന്നില്ല. ദ്വീപിൽ നിന്നും എടയപ്പുറം ഗോഡൗൺ വരെ വാഹനവുമായി പോകാനും അനുമതിയില്ല. അവശ്യവസ്തുവായ പാചകവാതകം ഉളിയന്നൂർ പാലത്തിന് സമീപം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ബൂത്ത്‌കോൺഗ്രസ് പ്രസിഡന്റ് ഹരീഷ് പല്ലേരി ആവശ്യപ്പെടുന്നു.