nay
പട്ടിമറ്റം ടൗണിൽ കൂടിയ നായ്ക്കൂട്ടം

കോലഞ്ചേരി: പട്ടിമറ്റം നഗരത്തിലിറങ്ങിയാൽ പട്ടികടി ഉറപ്പ് ! വിവിധ സംഘങ്ങളായി തിരിഞ്ഞ് തെരുവുനായ്ക്കൾ നഗരത്തിൽ വിളയാടുകയാണ്. കൽനട യാത്രികരെയടക്കം തെരുവുനായ്ക്കൾ ആക്രമിക്കുമ്പോഴും അധികൃതർ ഇതൊന്നും അറിയാത്ത മട്ടിലാണ്.കഴിഞ്ഞ ദിവസം മഴുവന്നൂർ പഞ്ചായത്തിൽ നാലു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു.

തെരുവുനായ്ക്കളെ വന്ധ്യം കരിക്കുന്നതിനായി നടപ്പാക്കിയിരുന്ന എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ പ്രവർത്തനം കൊവിഡിനെതുടർന്ന് താളംതെ​റ്റിയ നിലയിലാണ്. തെരുനായപിടിത്തവും വന്ധ്യംകരണ ശസ്ത്രക്രിയയും നടക്കുന്നില്ല. ഇതാണ് നിരത്തുകളിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകാൻ കാരണം.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന ടാങ്കർ ലോറികളിലെ ടാറിൽ വീണ് കുടുങ്ങിയ നായ്ക്കുട്ടിയെ മൃഗ സ്നേഹികളുടെ സംഘടനയായ ദയ സംരക്ഷിച്ച് തിരികെ എത്തിച്ചിരുന്നു. ഈ നായ്ക്കുട്ടികൾ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലേയ്ക്കെത്തുന്നവരെ ഉപദ്രവിക്കുന്നതും പതിവാണ്. ലോക്ക് ഡൗണി പലേടത്തും ഭക്ഷണം കിട്ടാതെ തെരുവുനായ്ക്കൾ അക്രമാസക്തരായിരുന്നു.