ബംഗളൂരു: വെറും നാല്‌പതു മിനിട്ട്! കേരളത്തിൽ നിന്ന് മുങ്ങിയ 'സ്വർണക്കടുവ സ്വപ്‌നയും സന്ദീപ് നായരും ബംഗളൂരു കോറമംഗലയിലെ ഒക്‌ടേവ് സ്റ്റുഡിയോ ഹോട്ടലിൽ രഹസ്യമായി മുറിയെടുത്തതിനും എൻ.ഐ.എ അറസ്റ്റിനും ഇടയിലുണ്ടായിരുന്നത് കഷ്‌ടിച്ച് ഈ സമയം മാത്രം!
സ്വപ്‌നയും സന്ദീപും ശനിയാഴ്‌ച ഉച്ചയോടെ ബംഗളൂരുവിൽ എത്തിയതായാണ് കരുതപ്പെടുന്നത്. സന്ദീപ് ഓടിച്ചിരുന്ന മാരുതി എസ് ക്രോസ് കാറിലായിരുന്നു യാത്ര. സ്വപ്നയ്ക്കൊപ്പം ഭർത്താവും രണ്ടു മക്കളും ഉണ്ടായിരുന്നതായി വാർത്തകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. (പിന്നീട്, ഇന്നലെ ഉച്ച കഴിഞ്ഞ് സ്വപ്‌നയെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിച്ചപ്പോൾ കാണാൻ ഇവർ എത്തിയിരുന്നു).
ചില സുഹൃത്തക്കളുമായി സന്ദീപ് മൊബൈലിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചെങ്കിലും കെെയൊഴിഞ്ഞു. തുടർന്ന്, ബി.ടി.എം ലേ ഔട്ടിലെ സുധീന്ദ്ര റായി എന്നയാളുടെ ഫ്ലാറ്റിലെത്തി. അവിടം സുരക്ഷിതമല്ലെന്ന് പെട്ടെന്നു തന്നെ സ്വപ്നയ്‌ക്കു തോന്നി. മകളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോറമംഗല ഫ്രണ്ട്സ് കോളനിയിലെ ഹോട്ടൽ ഒക്ടേവ് സ്റ്റുഡിയോയിൽ മുറി ബുക്ക് ചെയ്തു. ഇതിനിടെ, സ്വപ്‌നയുടെ മകൾ അതേ മൊബൈലിൽ തിരുവനന്തപുരത്തെ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടു. എൻ.ഐ.എയുടെ സൈബർ ഫോറൻസിക് വിഭാഗത്തിന് ആ ഒരു 'ടിപ്പ്' ധാരാളം മതിയായിരുന്നു. അടുത്ത നിമിഷം സ്വപ്നയുടെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞു.
സ്വപ്നയും സന്ദീപും ബംഗളൂരുവിൽ ഉള്ളതായി എൻ.ഐ.എ സംഘത്തിന് നേരത്തെ തന്നെ ഒരു സൂചന ലഭിച്ചിരുന്നു. സന്ദീപിന്റെ അരുവിക്കരയിലെ വീട്ടിൽ ശനിയാഴ്ച കസ്റ്റംസ് റെയ്ഡ് നടക്കുന്നതിനിടെ സഹോദരന്റെ മൊബൈലിൽ എത്തിയ ഒരു കാളിൽ നിന്നായിരുന്നു സൂചന. ഒരു സുഹൃത്താണ് വിളിച്ചതെന്ന് സഹോദരൻ പറഞ്ഞെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ വിശ്വസിച്ചില്ല. നമ്പർ അവർ എൻ.ഐ.എയ്‌ക്ക് കൈമാറി. ബംഗളൂരുവിൽ നിന്നാണ് കാൾ എന്ന് മനസ്സിലാവുകയും ചെയ്തു.
ബംഗളൂരുവിൽ, ബി.എം.ടി ലേ ഔട്ടിലെ ഫ്ളാറ്റിലിരുന്ന് സ്വപ്ന ഒക്ടേവ് ഹോട്ടലിൽ മുറി ബുക്ക് ചെയ്ത വിവരം കിട്ടിയതോടെ എൻ.ഐ.എയുടെ നീക്കം വേഗത്തിലായി. രണ്ടു കിലോമീറ്റർ മാത്രം അപ്പുറത്തുള്ള എൻ.ഐ.എ സബ് യൂണിറ്റിലേക്ക് സന്ദേശമെത്തി. വൈകിട്ട് ആറു മണിയോടെ സ്വപ്‌നയും സന്ദീപും ഹോട്ടലിലെത്തി, ചെക്ക് ഇൻ ചെയ്തു. എൻ.ഐ.എ യൂണിറ്റിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി വിവരം ഉറപ്പാക്കി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവിലുണ്ടായിരുന്ന ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥരും പാഞ്ഞെത്തി. തുടർന്ന് കോറമംഗല പൊലീസ് സ്റ്റേഷനിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ സേവനം തേടി. ഇവർ എത്തിയതോടെ സ്വപ്‌നയ്‌ക്കുള്ള വലയൊരുങ്ങി.
കോറമംഗല സെവൻത് ബ്ളോക്ക് കെ.എച്ച്.ബി കോളനിയിലാണ് ഒക്‌ടേവ് സ്റ്റുഡിയോ. രണ്ടു മുറികളാണ് സ്വപ്ന ഓൺലൈനിൽ ബുക്ക് ചെയ്‌തിരുന്നത്. കൃത്യം 6.35 ന്, ബംഗളൂരു എൻ.ഐ.എ യൂണിറ്റിലെ മലയാളിയായ ഡിവൈ.എസ്.പി സ്വപ്നയുടെ മുറിയിൽ മുട്ടിവിളിച്ചു.
തിരിച്ചറിയൽ കാർഡ് കാണിച്ചതോടെ പിടിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞ സ്വപ്ന തലകുനിച്ച് മുറിയിലെ കസേരയിലിരുന്നു. തൊട്ടടുത്ത മുറിയിൽ നിന്ന് സന്ദീപും പിടിയിലായി. 6.40 ന് അറസ്റ്റ്.
പ്രതികളുമായി സംഘം ഡൊംലൂരിലെ എൻ.ഐ.എ ഓഫീസിലേക്ക്. അതിനിടെ, കൊച്ചിയിൽ നിന്ന് എൻ.ഐ.എയുടെ സ്കോർപ്പിയോയിൽ ഒരു സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു. ചെന്നൈയിലായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയും റോഡ് മാർഗം ബംഗളൂരുവിലെത്തി. രാത്രി വൈകുവോളം ചോദ്യം ചെയ്യൽ. തുടർന്ന് ഇന്നലെ അതിരാവിലെ കേരളത്തിലേക്ക്.