nia-raid-

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ മുതിർന്ന ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നു. കസ്റ്റംസ്, എൻ.ഐ.എ എന്നിവയിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, പ്രതികളെ ചോദ്യം ചെയ്തും വ്യക്തത വരുത്തും.

നയതന്ത്ര ബാഗേജിലൂടെ ഇതിനുമുമ്പും സ്വർണം കടത്തിയെന്ന് അറിഞ്ഞതോടെയാണ് രഹസ്യാന്വേഷണ ഏജൻസികൾ ശക്തമായി രംഗത്തുവന്നത്. കേന്ദ്ര ആഭ്യന്തര, ധനകാര്യ,വിദേശ മന്ത്രാലയങ്ങളും ഇടപെട്ടതോടെ കേസിന് കള്ളക്കടത്തിനപ്പുറമുള്ള മാനം കൈവരിച്ചിരിക്കുകയാണ്.

കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐയ്ക്ക് പുറമേ, രഹസ്യാന്വേഷണ ഏജൻസികളായ റാ, ഐ.ബി എന്നിവയിലെ ഉദ്യോഗസ്ഥരാണ് ക്യാമ്പ് ചെയ്യുന്നത്.

പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ അറസ്റ്റിന് സഹായകരമായ വിവരങ്ങൾ ഐ.ബി ഉൾപ്പെടെ മറ്റ് ഏജൻസികളും എൻ.ഐ.എയ്ക്ക് നൽകിയിരുന്നു.

എൻ.ഐ.എയും കസ്റ്റംസും ശേഖരിക്കുന്ന വിവരങ്ങളിൽ അന്വേഷണം നടത്തി തെളിവുകൾ ചൂണ്ടിക്കാട്ടുകയും കൂടുതൽ അറസ്റ്റിന് വഴിയൊരുക്കുകയും ചെയ്യും.

എൻ.ഐ.എയുടെ സായുധ വിഭാഗത്തിന്റെ സുരക്ഷയിലാണ് കൊച്ചി ഓഫീസ്. ഇന്നലെ പ്രതികളെ എത്തിക്കുമ്പോൾ തോക്കേന്തിയ എൻ.ഐ.എ ഉദ്യോഗസ്ഥർ സുരക്ഷ ഉറപ്പാക്കിയിരുന്നു.