swapna-sandeep

കൊച്ചി:ബംഗളുരുവിൽ നിന്ന് രണ്ടു ദിവസത്തിനുള്ളിൽ നാഗാലാൻഡിലെ സുഹൃത്തിന്റെ ആഡംബര റിസോർട്ടിലേക്ക് മുങ്ങാനുള്ള സന്ദീപിന്റെയും സ്വപ്‌നയുടെയും പദ്ധതിയാണ് എൻ.ഐ.എയുടെ ചടുല വേഗത്തിൽ തകർന്നടിഞ്ഞത്. സന്ദീപിന്റെ സുഹൃത്തിന്റേതാണ് നാഗാലാൻഡിലെ ആഡംബര റിസോർട്ട്.

കൊച്ചിയിൽ നിന്നാണ് സ്വപ്‌നയും സന്ദീപും ബംഗളുരുവിലെത്തിയത്. ഇവർ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് വരുന്നതു മുതൽ എൻ.ഐ.ഐയ്‌ക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. ഇവർ കൊച്ചിയിലുണ്ടെന്ന് അറിഞ്ഞതോടെയാണ് കസ്‌റ്റംസ് ശനിയാഴ്ച പൊലീസിന്റെ സഹായം തേടി കത്ത് നൽകിയത്. ഈ സമയം പ്രതികൾ ബംഗളൂരുവിലെത്തി. ഇവരെ പിന്തുടർന്ന എൻ.ഐ.എയ്ക്ക് മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്താനായതോടെ കാര്യങ്ങൾ എളുപ്പമായി. ഹോട്ടൽ മുറിയിൽ നിന്ന് രണ്ടരലക്ഷം രൂപയും പാസ്‌പോർട്ടും പിടിച്ചെടുത്തു. വിദേശത്തേക്ക് കട‌ക്കാനും ശ്രമിച്ചതായി സംശയമുണ്ടെന്ന് എൻ.ഐ.എ അധികൃതർ വ്യക്തമാക്കി.

സ്വപ്‌നയ്ക്ക് ബംഗളുരുവിൽ നിരവധി സുഹൃത്തുക്കളുണ്ട്. അവർ ഒളിയിടം ഒരുക്കുമെന്ന വിശ്വാസത്തിലായിരുന്നു അങ്ങോട്ടുള്ള യാത്ര. എന്നാൽ, അന്തർദേശീയ തലത്തിലേക്ക് കേസ് ശ്രദ്ധിക്കപ്പെട്ടതോടെ പലരും ഒഴിഞ്ഞുമാറി. ഇതോടെയാണ് ഹോട്ടലിൽ മുറിയെടുക്കാൻ തീരുമാനിച്ചത്. ആരും തിരിച്ചറിയാതെയിരിക്കാണ് ഇഷ്‌ടപ്പെട്ട നിറമായ കറുത്ത നിറത്തിലെ പർദ്ദ ധരിച്ചത്. എൻ.ഐ.എ ഉദ്യോഗസ്ഥൻ മുറിയിലെത്തി തിരിച്ചറിയൽ കാർഡു കാണിച്ചപ്പോൾ എതിർക്കാനോ ഒന്നും മിണ്ടാനോ സ്വപ്‌ന തയ്യാറായില്ല. സമാനമായ അവസ്ഥയിലായിരുന്നു സന്ദീപും. സുരക്ഷിതമായ ഒളിയി‌ടം ലഭിക്കാതെ വന്നതോടെ ഏതു നിമിഷവും പിടിയിലാകുമെന്ന് ഇവർക്ക് അറിയാമായിരുന്നു. അതിനാലാണ് നാഗാലാൻഡിലേക്ക് തിരിക്കാൻ പദ്ധതിയിട്ടത്. ഇക്കാര്യത്തിൽ അവിടെനിന്ന് ഉറപ്പു ലഭിക്കാത്തതാണ് യാത്ര വൈകാൻ കാരണം.