കൊച്ചി: ഇതിനു മുമ്പ് നയതന്ത്രചാനലിലൂടെ കടത്തിയ സ്വർണം സന്ദീപ് നായരിൽ നിന്ന് കൈപ്പറ്റിയ മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ.ടി.റെമീസിനെ കസ്‌റ്റംസ് പ്രവിന്റീവ് വിഭാഗം അറസ്‌റ്റു ചെയ്‌തു. ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് പിടികൂടി കൊച്ചിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെ ചില സൂചനകളുടെ അടിസ്ഥാനത്തിൽ
കസ്റ്റംസ് വിഭാഗം വീട്ടിൽ റെയ്ഡ് നടത്തി.
അറസ്റ്റിലായ സരിത്താണ് റെമീസ് സ്വർണം വാങ്ങിയെന്ന് വെളിപ്പെടുത്തിയത്. വിമാനത്താവളത്തിൽ നിന്ന് സരിത്ത് പുറത്തെത്തിക്കുന്ന സ്വർണം കൈകാര്യം ചെയ്‌തിരുന്നത് സന്ദീപാണ്. സന്ദീപിൽ നിന്ന് സ്വർണം കൈപ്പറ്റിയവരെക്കുറിച്ച് നിർണായക വിവരങ്ങൾ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന്റെ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് കസ്റ്റംസ് ഈ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
നെടുമ്പാശേരി വിമാനത്താവളം വഴി തോക്കുകടത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് റെമീസ്. രണ്ടു ബാഗുകളിലായി ആറ് റൈഫിളുകൾ ഗ്രീൻചാനലിലൂടെ കടത്താൻ ശ്രമിക്കവേയാണ് പിടിയിലായത്. വാളയാറിൽ മാൻവേട്ട കേസിലും പ്രതിയാണ്. റെമീസിനെയും സരിത്തിനെയും ഒന്നിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്‌തു. റെമീസിൽ നിന്ന് സ്വർണം വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ കസ്‌റ്റംസിന് ലഭിച്ചതായാണ് സൂചന.
വിജയമുദ്ര കാട്ടി
സുമിത് കുമാർ
റെമീസിനെ അറസ്റ്റ് ചെയ്‌ത് എറണാകുളം മാർക്കറ്റ് റോഡിലുള്ള കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിച്ചതിന് തൊട്ടു പിന്നാലെ കമ്മിഷണർ സുമിത് കുമാർ എത്തി. മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിലും ലിഫ്‌ടിൽ കയറിയ ഉടൻ കൈയുയർത്തി ചിരിയോടെ വിജയമുദ്ര കാണിച്ചു. ഇത്തവണ കസ്റ്റംസ് ആഴത്തിലുള്ള അന്വേഷണമാണ് നടത്തുന്നത്.