○ രണ്ട്പ്രത്യേക സർവീസുകൾ പ്രതിസന്ധിയിൽ

കൊച്ചി: കെ.എസ്.ആർ.ടി.സി കൊവിഡ് കാലത്ത് എറണാകുളം ഡിപ്പോ നടപ്പാക്കിയ രണ്ട് പദ്ധതികൾ ജനങ്ങളുടെ ഭീതി മൂലം പൊളിഞ്ഞു. റിലേ സർവീസുകൾ, ബസ് ഓൺ ഡിമാൻഡ് എന്നീ പ്രത്യേക സർവീസുകളാണ് ഓടിച്ചത്.

കൊവിഡ് രോഗികളുടെയും കണ്ടെയ്ൻമെന്റ് സോണുകളുടെയും വർദ്ധനവ് കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനത്തിന് തിരിച്ചടിയായി. ജില്ലയിൽ കൂടുതൽ രോഗികളുള്ള മേഖലകളിലേക്ക് സർവീസ് നിറുത്തിവച്ചു. ആലുവ ഡിപ്പോ പൂർണമായി അടച്ചു. ചെല്ലാനം, പെരുമ്പാവൂർ ഭാഗങ്ങളിലേക്കുള്ള സർവീസുകളും വെട്ടിച്ചുരുക്കി.
ഓഫീസ് പ്രവൃത്തി സമയം കഴിഞ്ഞാൽ ബസിൽ യാത്രക്കാരില്ലാത്ത സ്ഥിതിയാണെന്ന് അധികൃതർ പറയുന്നു.

ഓൺലൈൻ ബുക്കിംഗ് നടത്തിയ യാത്രക്കാരാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്.
കൊവിഡ് കേസുകൾ കൂടുന്നത് മറ്റ്ഡിപ്പോകളുടെ പ്രവർത്തനത്തെയും ബാധിക്കും.

യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യ ബസ് സർവീസുകൾക്കും നഷ്ടക്കണക്കിൽ നിന്ന് കരകയറാനായിട്ടില്ല.


ബസ് ഓൺ ഡിമാൻഡ് പാളി

സ്ഥിരം യാത്രക്കാരെയും സ്വകാര്യ വാഹന യാത്രക്കാരെയും ലക്ഷ്യമിട്ട് പരീക്ഷണാർത്ഥം കെ.എസ്.ആർ.ടി.സി ആരംഭിച്ച ബസ് ഓൺ ഡിമാൻഡ് (ബോണ്ട് ) സംവിധാനത്തിന് നേരെ യാത്രാക്കാർ മുഖം തിരിച്ചു. ഒരാൾ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ജില്ലയിലേക്ക് കൂടുതൽ പേർ ജോലിയ്ക്കായി വന്നു പോവുന്നതിനാൽ ഇത്തരത്തിൽ ഒരുകൂട്ടം ആളുകളെ കണ്ടെത്തുക എന്നതും രാവിലെ അതത് സ്ഥലങ്ങളിൽ വണ്ടി അനുവദിക്കുന്നതും പ്രാവർത്തികമല്ല. യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പാക്കി 10, 20, 25 ദിവസങ്ങളിലെ നിരക്ക് മുൻകൂറായി വാങ്ങി സീസൺ ടിക്കറ്റ് നൽകുന്നതാണ് പദ്ധതി.

റിലേ സർവീസുകൾ കുറയ്ക്കും

ജില്ലയിൽ നിന്ന് റിലേ സർവീസുകൾ ആരംഭിച്ചെങ്കിലും കൂടുതൽ മേഖലകൾ കണ്ടെയ്‌മെന്റ് സോണുകളായതോടെ സർവീസ് നടത്താൻ സാധിക്കാത്ത സ്ഥിതിയാണ്. നാലു ബസുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം ഡിപ്പോയിൽ നിന്ന് തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ബസ് ഷെഡ്യൂൾ. ചേർത്തല, ആലുവ തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായതോടെ ട്രിപ്പുകൾ കുറയ്ക്കേണ്ടിവന്നെന്ന് അധികൃതർ പറഞ്ഞു.

യാത്രാക്കാരുടെ ആവശ്യമനുസരിച്ച് സർവീസ്

യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് നിലനിൽക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണുകൾ വഴിയുള്ള സർവീസ് നിറുത്തേണ്ടി വരുന്ന സാഹചര്യമാണ്. ജനങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് ക്രമീകരിക്കാനാണ് തീരുമാനം.

വി.എം. താജുദീൻ,​

ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ