fazil-fareed

കൊച്ചി: സിനിമാ താരത്തിനെ പോലും തോൽപ്പിക്കുന്ന ലുക്കും സ്റ്റൈലും. സൗഹൃദ ലിസ്റ്റിൽ ബിസിനസുകാർ മുതൽ ബോളീവുഡ് നടന്മാർ വരെ. നയതന്ത്ര ചാനലിലൂടെ സ്വർണമയച്ച ഫാസിൽ ഫരീദ് ആള് ചില്ലറക്കാരനല്ല. സ്വന്തം സ്ഥലം തൃശൂരിലെ കൊടുങ്ങല്ലൂരാണെങ്കിലും ഫാസിലിനെ വളർത്തിയത് ദുബായ് ആണ്. മൂന്നുപീടിക പെരിഞ്ഞനം പുത്തൻപള്ളിഭാഗത്ത് തേപറമ്പിൽ പരീതിന്റെ മകനാണ്. പിതാവ് പരീതിന് ദുബായ് മുൻസിപ്പാലിറ്റിയിലായിരുന്നു ജോലി. പ്ളസ്‌ടു പഠനം പൂർത്തിയായയുടൻ ഫാസിലും കടൽ കടന്ന് ദുബായിലെത്തി. അവിടെ പല ജോലികൾ ചെയ്തു.

അതിനൊപ്പം അവിടെ ഉപരിപഠനം. കാർ റേസിംഗിലായിരുന്നു കമ്പം. ഇതിനായി എന്തു വേണമെങ്കിലും ചെയ്യും.

കാർ റേസിംഗിലൂടെ ദുബായിലെ രാജകുടുംബാംഗങ്ങളുമായി ബന്ധത്തിലായി. അവരുടെ തണലിൽ ആഡംബര കാറുകളുടെ ഗാരേജ് തുടങ്ങി. ഫാസിലിന്റെ ദുബായിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്‌തത് ഒരു ബോളിവുഡ് നടനാണ്. ദുബായിലെത്തുന്ന സിനിമാതാരങ്ങൾക്ക് വേണ്ട സഹായങ്ങളും ചെയ്‌തുകൊടുത്തിരുന്നു. സിനിമാ നിർമ്മാണത്തിലും പണം മുടക്കിയിട്ടുണ്ടെന്ന സൂചനകളെ തുടർന്ന് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്.

ദുബായ് റാഷിദിയ്യയിലെ സ്വന്തം വില്ലയിലാണ് താമസം. വർഷങ്ങൾക്ക് മുമ്പ് മൂന്നു സഹോദരങ്ങളെയും ദുബായിലെത്തിച്ചു. അവരുടെ കുടുംബാംഗങ്ങളും അവിടെയാണ്.

ഫോൺ കട്ട് ചെയ്ത് ഫാസിൽ

ഫാസിലുമായി കസ്‌റ്റംസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സഹകരിച്ചില്ല. ഇയാൾ ഫോൺ കട്ട് ചെയ്‌ത് പോയെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. കേസിൽ മൂന്നാം പ്രതിയായ ഫാസിലാണ് സ്വർണം അയച്ചതെന്നാണ് അറസ്‌റ്റിലായ സരിത്തിന്റെ മൊഴി. സരിത്തും സ്വപ്‌നയും ദുബായിലെത്തിയപ്പോൾ ഫാസിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാളെ കേരളത്തിലെത്തിക്കാൻ എൻ.ഐ.എ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

പിതാവ് മരിച്ചത് കൊവിഡ് ബാധിച്ച്

അഞ്ചു വർഷം മുമ്പാണ് ഫാസിലിന്റെ പിതാവ് പരീതും ഭാര്യയും നാട്ടിലെത്തി. വീട‌ിന് സമീപമുള്ള ഒരു പള്ളിയിൽ മുക്രിയായി ജോലി നോക്കി. ഹൃദയസംബന്ധമായ അസുഖം മൂലം ഒരു വർഷം മുമ്പ് ഇരുവരും ദുബായിലേക്ക് മടങ്ങി. മാസങ്ങൾക്ക് മുമ്പ് കൊവിഡ് ബാധിച്ച് പരീത് മരിച്ചു. കൊവിഡിനാൽ ദുബായിൽ മരിച്ച ആദ്യ മലയാളിയായിരുന്നു ഇയാൾ. പെരിഞ്ഞനത്ത് 50 സെന്റിൽ ഫാസിലിന് രണ്ടു വീടുകളുണ്ട്. ഒരെണ്ണം വാടകയ്ക്ക് നൽകി. മറ്റേത് അടഞ്ഞു കിടക്കുകയാണ്. ഈ സ്ഥലം അരക്കോടിയുടെ ബാങ്ക് വായ്പയിൽ ജപ്തി ഭീഷണിയിലാണ്. നാട്ടിൽ ആരുമായും ഫാസിലിന് അടുപ്പമില്ല. അടുത്തകാലത്തൊന്നും ഇയാൾ എത്തിയതായി ആർക്കുമറിയില്ല.