ആലുവ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആലുവ ജില്ലാ ആശുപത്രിയിലാണ് കൊവിഡ് പരിശോധന നടത്തിയത്. ആശുപത്രിക്ക് മുമ്പിൽ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.10 ഓടെയാണ് പ്രതികളുമായുള്ള വാഹനവ്യൂഹം ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്.ദേശീയപാതയിൽ ആലുവ ഫ്ളൈഓവർ ഇറങ്ങിയ ശേഷം പുളിഞ്ചോട്, കാരോത്തുകുഴി വഴിയാണ് വാഹനം ജില്ലാ ആശുപത്രിയിലെത്തിയത്. പ്രതികളുമായുള്ള വാഹനത്തെ പിന്തുടർന്ന് മാദ്ധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ പുളിഞ്ചോടിന് സമീപം പൊലീസ് തടഞ്ഞു. പ്രതികളുമായുള്ള വാഹനങ്ങൾ എത്തുന്നതിന് മുമ്പായി ആശുപത്രിക്ക് മുമ്പിൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി.ഒരു മണിക്കൂറിനകം പ്രതികളുടെ കൊവിഡ് ടെസ്റ്റ് പൂർത്തിയാക്കി പൊലീസ് വാഹനം മടങ്ങുമ്പോഴാണ് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ പ്രതിഷേധവുമായി ചാടി വീണത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ പാലത്തിന് സമീപം ജവഹർ ബാലജനവേദി ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്.എം. ത്വൽഹത്തും പ്രതിഷേധവുമായെത്തി. ഇയാളെയും നീക്കം ചെയ്തു.
കമ്പനിപ്പടിയിൽ പ്രതിഷേധത്തിനിടെ സംഘർഷാവസ്ഥ
പ്രതികളുമായുള്ള വാഹനം കൊച്ചിയിലേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ ചൂർണിക്കര കമ്പനിപ്പടിയിൽ പ്രതിഷേധക്കാർ തമ്പടിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. പ്രതികളുമായി വന്ന വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാർ ചാടി വീഴുകയായിരുന്നു. ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കി. സ്‌പെഷ്യൽ കമാൻഡോ പൊലീസ് ലാത്തി വീശി.ഒരു ഭാഗത്ത് യൂത്ത് കോൺഗ്രസും 50 മീറ്റർ മാറി യുവമോർച്ച പ്രവർത്തകരുമാണ് കരിങ്കൊടികളുമായെത്തിയത്.
പ്രതികൾക്ക് സംസ്ഥാനം വിടാൻ കേരള പൊലീസ് ഒത്താശ ചെയ്തുവെന്നായിരുന്നു സംഘടനകളുടെ ആരോപണം. എൻ.ഐ.എക്ക് യുവമോർച്ച പ്രവർത്തകർ അഭിവാദ്യങ്ങളർപ്പിച്ചു.