കൊച്ചി:ഉന്നത ബന്ധങ്ങളും തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മാനങ്ങളുമുള്ള നയതന്ത്ര ചാനലിലെ സ്വർണക്കടത്തിന്റെ നിഗൂഢതകൾ പേറുന്ന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ. ഐ. എ ഇന്നലെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിൽ എത്തിച്ച് റിമാൻഡ് ചെയ്തു. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ രഹസ്യങ്ങളുടെ ചുരുളഴിയും.
അതിനിടെ, മുൻപ് നയതന്ത്ര ചാനലിൽ കടത്തിയ സ്വർണം കൈപ്പറ്റിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ കെ.പി.റെമീസ് എന്ന പ്രതിയെ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്‌തു. മലപ്പുറം സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അപ്രതീക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.
ദുബായിൽ നിന്ന് സ്വർണം നയതന്ത്ര ബാഗേജിൽ അയച്ച കൊടുങ്ങല്ലൂർ സ്വദേശി ഫാസിൽ ഫരീദിന്റെ വിവരങ്ങളും പുറത്തുവന്നു. കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥൻ ദുബായിലുള്ള ഫാസിലിനെ ബന്ധപ്പെട്ടെങ്കിലും അയാൾ ഫോൺ കട്ട് ചെയ്ത് ഒഴിഞ്ഞുമാറി.
കൊവിഡ് പരിശോധന കണക്കിലെടുത്ത് സ്വപ്നയെയും സന്ദീപിനെയും എൻ.ഐ.എ കോടതി മൂന്നു ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പത്തു ദിവസത്തേക്ക് ചോദ്യം ചെയ്യാനുള്ള എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
ഇരുവരെയും വൈകിട്ട് നാലരയോടെയാണ് എൻ.ഐ.ഐ കോടതിയിലെത്തിച്ചത്. ഞായറാഴ്ചയായിട്ടും കോടതി തുറക്കാൻ എൻ.ഐ.എ പ്രത്യേക ജഡ്‌ജി പി.കൃഷ്‌ണകുമാർ ഉത്തരവിട്ടതും അത്യപൂർവ സംഭവമായി.
സ്വപ്‌നയെ തൃശൂർ അമ്പിളിക്കലയിലേയും സന്ദീപിനെ എറണാകുളം കറുകുറ്റിയിലെയും കൊവിഡ് സെന്ററിലേക്ക് മാറ്റി. പരിശാേധന ഫലം ലഭിച്ച ശേഷമായിരിക്കും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള തുടർനടപടികൾ. കൊവിഡ് ഫലം ഇന്ന് ലഭിക്കുമെന്ന് അറിയിച്ചതോടെയാണ് റിമാൻഡ് മൂന്നു ദിവസമായി ചുരുക്കിയത്. അന്ന് പ്രതികളെ നേരിട്ട് ഹാജരാക്കണം.
ഹൈക്കോടതിയിൽ സ്വപ്നയ്ക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയ അഭിഭാഷകൻ ഇന്നലെ ഹാജരായില്ല.തുടർന്ന് പ്രതികൾക്ക് വേണ്ടി കേരള ലീഗൽ സെൽ അതോറിറ്റി (കെൽസ) നിർദ്ദേശിച്ച അഭിഭാഷകയാണ് ഹാജരായത്.
മുഖം മറച്ച് സ്വപ്ന,
വഴിനീളെ പ്രതിഷേധം
ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ ഉടനീളം മുഖം ഒളിപ്പിക്കാനായിരുന്നു സ്വപ്‌നയുടെ ശ്രമം. സന്ദീപ് നായർക്ക് ഒരു കൂസലുമില്ലായിരുന്നു. വാളയാർ മുതൽ പ്രതിഷേധങ്ങൾക്ക് നടുവിലൂടെയാണ് പ്രതികളെ കൊച്ചി എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചത്.
രാവിലെ 11.35 ന് വാഹനവ്യൂഹം വാളയാറിൽ എത്തിയപ്പോഴേ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി വീശി. പിന്നീട് കേരള പൊലീസിന്റെ സുരക്ഷയിലായി യാത്ര. വടക്കഞ്ചേരി പന്നിയങ്കരയിൽ സ്വപ്‌ന സഞ്ചരിച്ച സ്കോർപ്പിയോയുടെ പിന്നിലെ ടയർ പൊട്ടി. അതോടെ സ്വപ്നയെയും സന്ദീപുള്ള വാഹനത്തിൽ കയറ്റി.
ദേശീയപാതയിലുടനീളം യൂത്ത്കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി പ്രതിഷേധിച്ചു.
ആലുവ ജനറൽ ആശുപ്രതിയിൽ ആരോഗ്യ പരിശോധനയും കൊവിഡ് ടെസ്‌റ്റിനുള്ള സ്രവവുമെടുത്തു. രണ്ടരയോടെയാണ് എറണാകുളം കടവന്ത്ര ഗിരിനഗറിലുള്ള എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ചത്. കരിങ്കൊടിയുമായി വാഹനത്തിന് മുന്നിലേക്ക് ചാടിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അടിച്ചോടിച്ചു. കേന്ദ്രസർക്കാരിനും എൻ.ഐ.എക്കും അഭിനന്ദനമർപ്പിച്ച് യുവമോർച്ച പ്രവർത്തകരും തടിച്ചു കൂടി. എൻ.ഐ.എ ആസ്ഥാനത്തിന് പൊലീസ് കനത്ത സുരക്ഷയും ഏർപ്പെടുത്തി. സ്വപ്‌നയെ എൻ.ഐ.എ ഓഫീസിലേക്ക് കയറ്റിയതിന് തൊട്ടു പിന്നാലെ സ്വപ്‌നയുടെ ഭർത്താവും രണ്ടും മക്കളുമെത്തി. അവർക്ക് ഏതാനും മിനിട്ട് സംസാരിക്കാൻ അനുവദിച്ചു. സ്വർണം പിടിച്ചതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്നയും സന്ദീപും മുങ്ങിയത്.
എല്ലാം അറിയുന്നവൾ സ്വപ്ന
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സ്വപ്നയ്ക്കറിയാമെന്ന് ഒന്നാം പ്രതി സരിത്ത് വെളിപ്പെടുത്തി. സ്വർണം അയയ്ക്കുന്നവരെയും ഏറ്റുവാങ്ങുന്നവരെയും സ്വപ്നയ്ക്ക് പരിചയമുണ്ട്. കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറും എൻ.ഐ.എ അഡിഷണൽ എസ്.പി ഷൗക്കത്തലിയും ചോദ്യം ചെയ്തതോടെ കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. സ്വപ്നയും സന്ദീപും അറസ്റ്റിലായ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സരിത്തിനെ അറിയിച്ചത്.
മൊഴികൾ ഇങ്ങനെ:
പത്തിലധികം തവണ സ്വർണം കടത്തിയത് അറിയാം. എല്ലാ തവണയും ഫാസിലല്ല ബാഗേജ് അയച്ചത്. സ്വപ്നയ്ക്ക് എല്ലാമറിയാം. സന്ദീപാണ് സ്വപ്‌നയെ പരിചയപ്പെടുത്തിയത്. സ്വർണം കടത്തിയതിന് കൃത്യമായ കമ്മിഷൻ സ്വപ്ന നൽകി.
ഫാസിൽ ഫരീദുമായി ദുബായിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഫോണിൽ ബന്ധപ്പെട്ടിട്ടില്ല.
എയർപോർട്ടിൽനിന്ന് സ്വർണം പുറത്തെത്തിക്കുന്നതാണ് തന്റെ ദൗത്യം. മറ്റ് കാര്യങ്ങൾ ചെയ്തിരുന്നത് സ്വപ്നയും സന്ദീപുമാണ്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി നല്ല സൗഹൃദമാണ്. സ്വപ്നയാണ് പരിചയപ്പെടുത്തിയത്. സ്വർണക്കടത്തിൽ എന്തെങ്കിലും പങ്കുള്ളതായി അറിയില്ല.