തോപ്പുംപടി: കൊവിഡ് കേസുകളെ തുടർന്ന് പശ്ചിമകൊച്ചിയുടെ ഭൂരിഭാഗം മേഖലകളും നിശ്ചലം. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ഫോർട്ടുകൊച്ചി, തോപ്പുംപടി, പാണ്ടിക്കുടി പ്രദേശങ്ങളും അടച്ചുപൂട്ടിയ സ്ഥിതിയിലാണ്.
കുമ്പളങ്ങിയിൽ 5,9 വാർഡുകളിലാണ് രണ്ട് പേർക്ക് അസുഖം. നിരീക്ഷണത്തിൽ കഴിയേണ്ട 29കാരൻ മാർക്കറ്റുകളിലും, പൊതുസ്ഥലങ്ങളിലും, ബന്ധുവീടുകളിൽ സന്ദർശനം നടത്തിയതും ഇവിടെ ഭീതി പടർത്തുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്.
ചെല്ലാനത്ത് 307 വീടുകളിൽ 59 പേർക്ക് രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. 235 പേരുടെ സ്രവം പരിശോധനക്കയച്ചു.ചെല്ലാനം ആശുപത്രിയിലെ ആറ് ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോയി. ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എഴുപുന്ന - ചെല്ലാനം റോഡ് പൂർണ്ണമായും പൂട്ടി.
മരണം, ആശുപത്രി എന്നീ അത്യാവശ്യ കാര്യത്തിന് മാത്രമേ ഈ ഭാഗങ്ങളിൽ നിന്നും ജനങ്ങളെ അകത്തേക്കും പുറത്തേക്കും വിടുകയുള്ളൂ. വാഹനങ്ങളും കടത്തിവിടുന്നില്ല. ചെല്ലാനത്ത് രോഗികൾ 14 പേരുണ്ട്. പതിനഞ്ചാം വാർഡിലാണ് സ്ഥിതി ഗുരുതരം. അടച്ചു പൂട്ടിയ സ്ഥലങ്ങളിൽ പാൽ, പത്രം, പാചക വിതരണ ഗ്യാസ് എന്നിവയ്ക്കും വിലക്കുണ്ട്.