കൊച്ചി: സ്വർണക്കടത്ത് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊണ്ടുവന്ന കൊച്ചിയിലെ എൻ.ഐ.എ ഓഫീസിന് മുമ്പിൽ നാടകീയരംഗങ്ങൾ. കനത്ത സുരക്ഷ ഭേദിച്ച് പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തിവീശി.
കടവന്ത്ര ഗിരിനഗറിലെ എൻ.ഐ.എ ഓഫീസിന് മുൻപിൽ രാവിലെ മുതൽ മാദ്ധ്യമപ്രവർത്തകർ കാത്തുനില്പ് തുടങ്ങിയിരുന്നു. ഓഫീസ് മുൻപിലെ റോഡിൽ രാവിലെ തന്നെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് അടച്ചു. മാദ്ധ്യമപ്രവർത്തർ ഒഴികെ ആരെയും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല.
ഒന്നേകാലോടെ അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘമെത്തി. ബി.ജെ.പി, യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലെത്തെത്തി. 1.50 ന് ബി.ജെ.പി, യുവമോർച്ച, എ.ബി.വി.പി പ്രവർത്തകർ എൻ.ഐ.എയ്ക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യം അർപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും മുദ്രാവാക്യം വിളി ആരംഭിച്ചു.
പിന്നാലെ കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കാൻ ആരംഭിച്ചു. കയർ കെട്ടി ഇവരെ പൊലീസ് അകറ്റിനിറുത്തി.
രണ്ടോടെ എൻ.ഐ.എ ഉദ്യോഗസ്ഥർ പുറത്തെത്തി. വാഹനങ്ങൾ വരുന്ന വഴിയിൽ തോക്ക് ധരിച്ച ഉദ്യോഗസ്ഥർ നിരന്നു. പൊലീസും രണ്ടു വശത്തും നിലറയുറപ്പിച്ചു. രണ്ടരയോടെ പ്രതികളുമായി വാഹനങ്ങൾ എത്തി. കനത്ത സുരക്ഷയിൽ അകത്തേക്ക്.
ഉടൻ കോൺഗ്രസ് പ്രവർത്തകർ മതിൽ ചാടി റോഡിലിറങ്ങിയതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. കൊടി വീശാൻ ശ്രമിച്ചവരെ പൊലീസ് വളഞ്ഞിട്ട് അടിച്ചു.
ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ അബിൻ വർക്കി, ലിന്റോ പി. ആന്റു, വൈശാഖ് ദർശൻ, ജില്ലാ നേതാക്കളായ അബ്ദുൾ റഷീദ്, സിജോ ജോസഫ്, സ്വാതിഷ് സത്യൻ എന്നിവർക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ദീപ്തി മേരി വർഗീസ്, മാലിനി ബിജു, പി.എച്ച്. അനീഷ്, ദിലീപ് നായർ, സി.ബി. നിതിൻ, സഞ്ജയ് ജെയിംസ്, ഷിറാസ് അലി, നീൽ ഹർഷൽ എന്നിവർ നേതൃത്വം നൽകി.