മൂവാറ്റുപുഴ: പറഞ്ഞു മടുത്തു. നിർദേശിച്ചിട്ടും രക്ഷയില്ല. ഒടുവിൽ മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫീസിൽ എത്തുന്നവരുടെ കൈകൾ അണുവിമുക്തമാക്കാൻ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ടി.എസ്. സജേഷിന് പതിനെട്ടമാത്തെ അടവുതന്നെ പയറ്റി. യൂട്യൂബ് നോക്കി സ്വന്തമായി ഓട്ടോമാറ്റിക് സാനിറ്റൈസർ നിർമ്മിച്ച് ഓഫീസിൽ സ്ഥാപിച്ചു! ഇപ്പോൾ പരാതിയുമായും മറ്റും എത്തുന്നവർ അത്ഭുതത്തോടെ സാനിറ്റൈസർ ഒന്ന് നോക്കും. പരീക്ഷിക്കും. കൊവിഡ് ചങ്ങല പൊട്ടുന്നതുകണ്ട് സജേഷ് മനസിൽ ചിരിക്കും.
ഡിവൈ.എസ്.പി ഓഫീസിൽ എത്തുന്നവർ അകത്ത് പ്രവേശിക്കും മുമ്പ് നിർബന്ധമായും കൈകൾ അണുവിമുക്തമാക്കണം. ഇതിനായി സാനിറ്റൈസർ കുപ്പി സ്ഥാപിച്ചിരുന്നെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. ഇവർക്കെല്ലാം സാനിറ്റൈസർ നൽകേണ്ടതും കൈകഴുകിയെന്ന് ഉറപ്പാക്കേണ്ടതും സജേഷിന്റെ ചുമതലയായിരുന്നു. പലതവണ നിർദേശം നൽകിയെങ്കിലും ബ്രേക്ക് ദി ചെയിൻ പാലിക്കാൻ ആളുകൾ മറന്നു. ഇതാണ് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ നിർമ്മിക്കാൻ സജേഷിനെ പ്രേരിപ്പിച്ചത്. മൂവാറ്റുപുഴ ആനിക്കാട് സ്വദേശിയായ സജേഷ് പത്തുവർഷമായി സേനയിൽ എത്തിയിട്ട്.
400 രൂപ മാത്രം
വെള്ളത്തിലിട്ട് വയ്ക്കാവുന്ന ഒരു ഡിസി മോട്ടർ പമ്പ്, ഇൻഫ്രാറെഡ് സെൻസറിന്റെ ബോർഡ്, ട്രാൻസിസ്റ്റർ, റെസിസ്റ്ററും അഞ്ച് വോൾട്ടിന്റെ അഡാപ്റ്റർ എന്നിവ കടയിൽനിന്ന് വാങ്ങി. ഒരു ചെറിയ വാട്ടർലെവൽ ഹോസ് തരപ്പെടുത്തി. ആകെ ചെലവായത് വെറും 400 രൂപ. ചില്ലുകുപ്പിയിൽ ഇവയെല്ലാം ഘടിപ്പിച്ച് ഒറ്റദിവസം കൊണ്ടാണ് സജേഷ് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചത്. സെൻസറിന്റെ മുന്നിൽ തടസമായി വന്നാൽ മോട്ടോർ പ്രവർത്തിക്കും. ഇതോടെ സാനിറ്റൈസർ പമ്പുചെയ്യും. തടസം നീങ്ങുമ്പോൾ മോട്ടോർ പ്രവർത്തനരഹിതമാകും. ഈ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ആർക്കും എളുപ്പത്തിൽ ഒരുക്കാവുന്നതേയുള്ള ഇത്തരം ഹാൻഡ് സാനിറ്റൈസറെന്ന് സജേഷ് പറയുന്നു.