കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും വ്യാപാര സംഘടനകൾ, പൊലീസ്, റവന്യൂ എന്നിവരുടെ സർവകക്ഷി യോഗത്തിലാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 8 ന് തുറന്ന് വൈകിട്ട് 7ന് അടയ്ക്കും. വഴിയോരക്കച്ചവടം ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നതുവരെ നിരോധിച്ചു. വ്യാപാരസ്ഥാപനങ്ങളിൽ വരുന്ന ആളുകളുടെ വിവരങ്ങൾ രേഖപെടുത്തുന്ന സന്ദർശനപുസ്തകം നിർബന്ധമാക്കി. മാസ്‌ക്, സാനിറ്റൈസർ, സാമൂഹികഅകലം നിബന്ധനകൾ കർശനമാക്കി നടപ്പാക്കും. പഞ്ചായത്തിലെ ഒരു വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയതിനെ തുടർന്നാണ് നടപടി.