യൂട്യൂബിലൂടെ നാട്ടുകാർ 'പണി ' പഠിച്ചു. ബാർബർ ഷോപ്പുകളുടെ കാര്യം കട്ടപ്പുക.
കോലഞ്ചേരി: ലോക്ക് ഡൗൺ ഇളവുകൾ മാറി തുറന്ന ആദ്യ ആഴ്ചയിൽ ബാർബർ ഷോപ്പുകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റം കണ്ടപ്പോൾ രക്ഷപ്പെട്ടെന്നായിരുന്നു കരുതിയത്. പക്ഷെ ആശ വെറുതെയായി.
ട്രിമ്മറും, കട്ടറും, കത്രികയും ലോക്ക് ഡൗൺ കാലത്ത് വാങ്ങി കൂട്ടിയ പലരും കൊവിഡ് ഭീതിയിൽ കടകളെ ഉപേക്ഷിച്ചു. അവധിക്കാലത്ത് നടത്തിയ മുടിവെട്ടു പരീക്ഷണങ്ങൾ യു ട്യൂബിന്റെ സഹായത്തോടെ തേച്ചു മിനുക്കിയെടുത്തു.
ഇതോടെ കഷ്ടപ്പാടിലായത് ജില്ലയിലെ 3000 ത്തോളം വരുന്ന ബാർബർ, ബ്യൂട്ടി പാർലർ ഷോപ്പുടമകളാണ്.
പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടും വളരെ വൈകിയാണ് പലരും പാർലറുകൾ തുറന്നത്. ശാരീരിക അകലം പാലിക്കണമെന്നും കോസ്മെറ്റിക് സാധനങ്ങൾ ഉപയോഗിക്കരുതെന്നുമുള്ള നിർദേശം പാർലറുകളിൽ നടപ്പാക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടായതാണ് കാരണം.
കൊവിഡ് പ്രതിരോധ നിബന്ധനകൾ പൂർണ്ണമായും പാലിച്ചാണ് മുഴുവൻ ഷോപ്പുകളും പ്രവർത്തിക്കുന്നത്. വെള്ളവും സോപ്പും സാനിറ്റൈസറും ഒരുക്കിയിട്ടുണ്ട്. ദേഹത്തു വിരിച്ചിരുന്ന തുണി ഡിസ്പോസബിൾ ആക്കി. ഇത്രയൊക്കെ ചെയ്തിട്ടും നിരക്കിൽ 10 രൂപയുടെ വർദ്ധന മാത്രമാണ് വരുത്തിയത്. എന്നിട്ടും കടകളിൽ ആളെത്തുന്നില്ല.
പ്രതിസന്ധിയിലായതോടെ ജീവനക്കാരെ വെട്ടിക്കുറച്ചു. ഏറെ നാൾ കടകൾ അടച്ചിട്ടതോടെ വിലപിടിപ്പുള്ള പല കോസ്മെറ്റിക് സാധനങ്ങളും ഉപകരണങ്ങളും നശിച്ചു ആ നഷ്ടം വേറെ. ഇപ്പോഴും ഫേഷ്യൽ , ഹെയർ ഡൈ, മെഹന്തി, ത്രെഡിംഗ്, സ്പാ, ഹെന്ന തുടങ്ങിയവയൊന്നും ചെയ്യുന്നില്ല. പ്രായമുള്ള കട ഉടമകൾക്കാണ് ഏറെ ദുരിതം. ഇവരെ ഒഴിവാക്കിയാണ് പലരും മുടി വെട്ടിക്കുന്നതുമത്രെ. കടകൾ തുറക്കാനും, മോടി പിടിപ്പിക്കാനും, ആധുനിക ഉപകരണങ്ങൾ വാങ്ങി കൂട്ടാനും ലക്ഷങ്ങൾ ബാങ്ക് ലോണെടുത്താണ് പലരും പ്രധാന പട്ടണങ്ങളിൽ സ്ഥാപനം തുറന്നത്. തല്ക്കാലം മൊറോട്ടോറിയത്തിൽ പിടിച്ചു നില്ക്കുന്നു, ഭാവി എന്തെന്നു പോലും അറിയാതെ.
• ജില്ലയിൽ 3000 ബാർബർ ഷാപ്പുകൾ
ലോക്ക് ഡൗണിനു മുമ്പുണ്ടായിരുന്ന കസ്റ്റമേഴ്സിന്റെ നാലിലൊന്നു പേർ ഇപ്പോൾ എത്തുന്നില്ല.
പി.കെ ബാബു, ജില്ലാ ട്രഷറർ
കേരള സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ കെ.എസ്.ബി.എ