കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ ബംഗളുരുവിൽ നിന്നെത്തിച്ച എൻ.ഐ.എ ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധവും അഭിവാദ്യവും സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജിൽ ആറു കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതികളെ എത്തിക്കും മുൻപ് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ കടവന്ത്ര ഗിരിനഗറിലെ ഓഫീസിന് സമീപം സംഘടിച്ചെത്തി. കേന്ദ്ര സർക്കാരിനും എൻ.ഐ.എയ്ക്കും അഭിവാദ്യം അർപ്പിച്ച ബി.ജെ.പി, യുവമോർച്ച, മഹിളാമോർച്ച, എ.ബി.വി.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുദ്രാവാക്യങ്ങൾ വിളിച്ചു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിയുമായി സ്ഥലത്തെത്തി. പ്രതികളുമായി വാഹനങ്ങൾ എൻ.ഐ.എ ഓഫീസിന് മുൻപിലെത്തിയതോടെ മതിൽ ചാടിക്കടന്ന് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശാൻ ശ്രമിച്ചപ്പോഴായിരുന്നു ലാത്തിച്ചാർജ്.
നേതാക്കളായ അബിൻ വർക്കി, ലിന്റോ പി. ആന്റു, വൈശാഖ് ദർശൻ, ജില്ലാ നേതാക്കളായ അബ്ദുൾ റഷീദ്, സിജോ ജോസഫ്, സ്വാതിഷ് സത്യൻ എന്നിവർക്ക് പരിക്കേറ്റു.