നയതന്ത്ര ബാഗിലൊളിപ്പിച്ച് കോടികളുടെ സ്വർണം കടത്തിയത് തിരുവനന്തപുരം വിമാനത്താവളത്തിലാണെങ്കിലും അന്വേഷണത്തിന്റെ ശ്രദ്ധാകേന്ദ്രം കൊച്ചിയാണ്. രാജ്യത്ത് മാത്രമല്ല, അന്താരാഷ്ട്രതലങ്ങളിലും ശ്രദ്ധ നേടിയ സ്വർണക്കടത്തിന്റെ രഹസ്യ ഇടപാടുകൾ കണ്ടെത്തുന്ന അന്വേഷണത്തിലാണ് കൊച്ചിയിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് മുതൽ എൻ.ഐയെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ഉൾപ്പെടെ വിവിധ ഏജൻസികൾ അന്വേഷണത്തിന് കേന്ദ്രീകരിച്ചിരിക്കുന്നത് കൊച്ചിയിലാണ്. വിദേശരാജ്യങ്ങളിൽ നിന്ന് കൈമാറുന്നത് മുതൽ ഇന്ത്യയിലെത്തി എവിടേക്ക് പോകുന്നു, എന്തിന് ഉപയോഗിക്കുന്നു തുടങ്ങിയ സ്വർണക്കടത്തിന്റെ ചരടുകളാണ് തിരയുന്നത്.
സ്വർണക്കടത്തിൽ മുഖ്യപ്രതിയായ സ്വപ്നാ സുരേഷിന്റെ ഉന്നതതല ബന്ധങ്ങളായിരുന്നു അറസ്റ്റിന് മുമ്പത്തെ ചർച്ചകൾ. തന്റെ ബന്ധങ്ങൾ സ്വർണക്കടത്തിന് സ്വപ്ന ഏതുവിധത്തിൽ വിനിയോഗിച്ചെന്ന അന്വേഷണ സംഘങ്ങളുടെ കണ്ടെത്തലുകളാകും ഇനിയുള്ള വിവാദങ്ങൾ.
സ്വർണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയതോടെ ട്രിപ്പിൽ ലോക്ക് ഡൗണിലായിരുന്നു തിരുവനന്തപുരത്തു നിന്ന് മുങ്ങിയ ഒന്നാംപ്രതി സന്ദീപ് നായരും രണ്ടാം പ്രതി സ്വപ്ന സുരേഷും കൊച്ചിയിലെത്തിയാണ് ബംഗളുരുവിലേക്ക് മുങ്ങിയതെന്നാണ് സൂചനകൾ. മുൻകൂർ ജാമ്യഹർജി സമർപ്പിക്കാനായിരുന്നു കൊച്ചിയിലെത്തിയത്. സ്ഥിതി മോശമെന്ന് കണ്ടതോടെ ബംഗളുരുവിലേക്ക് കടന്ന സ്വപ്നയെ മണിക്കൂറുകൾക്കകം എൻ.ഐ.എ കണ്ടെത്തി പിടികൂടുകയായിരുന്നു.
'സ്വപ്നാഘോഷ' ഞായർ
കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലേക്ക് പ്രതികളെ കൊണ്ടുവന്നതും ശ്രദ്ധ നേടി. ഞായറാഴ്ചയുടെ അവധി ആലസ്യവും കൊവിഡ് ആശങ്കയും മറന്നാണ് പ്രതിഷേധിക്കാനും അഭിവാദ്യം അർപ്പിക്കാനും വരെ ജനം തടിച്ചുകൂടിയത്. പാലക്കാട്, തൃശൂർ വഴിയെത്തിയ വാഹനവ്യൂഹത്തിന് നേരെ എറണാകുളം ജില്ലയിലെമ്പാടും കരിങ്കൊടിയുമായി പ്രതിപക്ഷ സംഘടനകൾ അണിനിരന്നു. ആലുവയിലെത്തിച്ച് ജില്ലാ ആശുപത്രിയിൽ പ്രതികളുടെ കൊവിഡ് പരിശോധനക്ക് സാമ്പിൾ ശേഖരിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് പ്രതികളെ എൻ.ഐ.എ ഓഫീസിലെത്തിച്ചത്.
പുലർച്ച മുതൽ കാത്തുനിന്ന മാദ്ധ്യമപ്രതിനിധികളെ ഒഴികെ ഓഫീസ് പരിസരത്തുനിന്ന് പൊലീസ് നീക്കിയിരുന്നു. പ്രതികളെ എത്തിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തർ വീണ്ടും സ്ഥലത്തെത്തി മുദ്രവാക്യം വിളികൾ ആരംഭിച്ചു. പ്രതികളെ പിടിച്ചതിന് എൻ.ഐ.എക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യം അർപ്പിച്ചും സംസ്ഥാന സർക്കാരിനെ അപഹസിച്ചുമായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം വിളി. എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകർ പ്രതികളുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടാൻ കുതിച്ചതോടെ പൊലീസ് ലാത്തി വീശി. കുതിച്ചെത്തിയ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് നന്നായി പെരുമാറി.
നിർണായകകേന്ദ്രം
എൻ.ഐ.എ ഓഫീസ്
സ്വർണക്കേസ് അന്വേഷണത്തിന്റെ നിർണായക കേന്ദ്രം ഇനി കടവന്ത്ര ഗിരിനഗറിലെ എൻ.ഐ.എ ഓഫീസായിരിക്കും. പ്രതികളെ താമസിപ്പിക്കാൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. ചോദ്യം ചെയ്യലുകൾക്ക് പ്രത്യേക മുറികൾ. ചോദ്യം ചെയ്യൽ വീഡിയോയിലും ഡിജിറ്റൽ സംവിധാനങ്ങളിലും രേഖപ്പെടുത്തും. ഓരോ പ്രതികളെയും പ്രത്യേകമായിരിക്കും ആദ്യം ചോദ്യം ചെയ്യുക. ഇതിന് ചോദ്യാവലിയും തയ്യാറാക്കും. പരസ്പര വിരുദ്ധായ മൊഴികളിൽ നിന്ന് പൊരുത്തക്കേടുകൾ കണ്ടെത്തി അതിന്റെ വിശദാംശങ്ങൾ ശേഖരിക്കും. വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി അറിയാൻ സമാന്തരമായ അന്വേഷണവും നടക്കും. ഒറ്റയ്ക്കുള്ള ചോദ്യം ചെയ്യലിന് ശേഷം രണ്ടു പേരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. തുടർന്ന് മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യാനാണ് എൻ.ഐ.എ തീരുമാനം. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർക്ക് പുറമെ, ബംഗളുരു യൂണിറ്റ്, ഹൈദരാബാദ് മേഖലാ ഓഫീസ്, ഡൽഹിയിലെ ആസ്ഥാനം എന്നിവയിൽ നിന്നും ഉദ്യോഗസ്ഥർ അന്വേഷണത്തിൽ പങ്കാളികളാകുമെന്നാണ് സൂചനകൾ. പ്രതികളുടെ വെളിപ്പെടുത്തലുകൾ അന്വേഷണത്തിൽ മാത്രമല്ല, രാഷ്ട്രീയരംഗത്തും കോളിളക്കം സൃഷ്ടിക്കുമോയെന്ന ആകാംക്ഷയാണ് ബാക്കി.
കൊവിഡ് ഭീതിയിൽ ആലുവയും ചെല്ലാനവും
സമൂഹവ്യാപനത്തിലേക്ക് കടന്നെന്ന് അനൗദ്യോഗികമായി വ്യക്തമായ കൊവിഡ് ഭീതിയിലാണ് എറണാകുളം ജില്ലയിലെ ആലുവ നഗരസഭ, സമീപ പഞ്ചായത്തായ കീഴ്‌മാട്, തീരദേശമായ ചെല്ലാനം എന്നിവ. ചെല്ലാനത്ത് ജില്ലയിൽ ആദ്യമായി ട്രിപ്പിൽ ലോക്ക് ഡൗണും ഏർപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച ജില്ലയിൽ റിപ്പോർട്ട് ചെയ്ത 50 ൽ 18 പേർ ചെല്ലാനം സ്വദേശികളാണ്. ഇവർക്കെല്ലാം സമ്പർക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. ചെല്ലാനം ഹാർബറിലെ ഒരു മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്കാണ് ആദ്യം രോഗം ബാധിച്ചത്. തൊഴിലുറപ്പ് ജോലികൾക്ക് പോകുന്ന ഇവരിലൂടെയും മത്സ്യബന്ധന ഹാർബറിൽ ജോലി ചെയ്യുന്ന ഭർത്താവിലൂടെയുമാണ് രോഗം പടർന്നതെന്നാണ് സൂചനകൾ. ഹാർബർ ഉൾപ്പെടെ അടച്ചിടുകയും ഏതാനും വാർഡുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിട്ടും രോഗം പകർന്നതോടെയാണ് പത്തു ദിവസത്തേക്ക് ട്രിപ്പിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ആലുവയാണ് രോഗം ഏറ്റവുമധികം പടർന്ന മറ്റൊരു മേഖല. ആലുവ മാർക്കറ്റിൽ നിന്നു മാത്രം 26 പേർക്കാണ് ഏതാനും ദിവസം കൊണ്ട് രോഗം പടർന്നത്. ചുമട്ടുതൊഴിലാളികൾ മുതൽ ശുചീകരണ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവറും ഇവരിലുണ്ട്. ദേശീയപാത ഒഴികെ ആലുവ നഗരസഭ പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ആലുവയ്ക്കടുത്ത് കീഴ്‌മാട് പഞ്ചായത്തും പൂർണമായി അടച്ചു. ഒരു വീട്ടിൽ നടന്ന നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൊവിഡ് പടർന്നത്. ഇരുപതോളം പേർക്ക് ഈ ചടങ്ങിൽ നിന്നും രോഗം പടർന്നു. അവരുടെ സമ്പർക്കം വഴിയും വൈറസ് ബാധിച്ചതിന്റെ ആശങ്ക ഇനിയും നീങ്ങിയിട്ടില്ല.