കൊച്ചി: നല്ലകാലത്ത് നഗരത്തിൽ തലങ്ങും വിലങ്ങും പാഞ്ഞു നടന്ന ആട്ടോറിക്ഷകൾ ഇപ്പോൾ നെടുവീർപ്പിന്റെ മുച്ചക്രക്കൂടാരങ്ങളായി. സഞ്ചാരികളെ കാത്തിരിക്കുന്ന ഡ്രൈവർമാർ പകലന്തിയോളം ഈ കൂടാരത്തിലിരുന്ന് നേരംകൊല്ലുകയാണ്. വല്ലപ്പോഴും ഓരോ മിനിമം ചാർജ് ഓട്ടം കിട്ടിയാലായി.
കൊവിഡിന് മുമ്പ് സ്കൂൾ ഓട്ടത്തിന് പുറമെ ശരാശരി 800 രൂപ ദിവസ വരുമാനം ലഭിച്ചിരുന്നിടത്ത് ഇപ്പോഴത് 200 രൂപയാണ്. ചായക്കാശും ഇന്ധനച്ചെലവും കഴിച്ചാൽ വീട്ടിലെത്തുമ്പോൾ കീശയിലൊന്നും ബാക്കിയില്ല. അരിവാങ്ങാൻ വേറെ മാർഗം കണ്ടെത്തണം. കുടുംബത്തിലെ മറ്റ് ആർക്കെങ്കിലുംകൂടി വരുമാനമുള്ളവർ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുമ്പോൾ ആട്ടോറിക്ഷകളെ മാത്രം ആശ്രയിച്ച ജീവിതം കരുപ്പിടിപ്പിച്ചവരുടെ കാര്യം അധോഗതി. വരുമാനം കുറഞ്ഞെന്നുമാത്രമല്ല ഇന്ധനച്ചെലവ് കൂടുകയും ചെയ്തു. വാഹനവായ്പ തിരിച്ചടവിന് മൊറോട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ടുമാത്രമാണ് പലരും പിടിച്ചുനിൽക്കുന്നത്. സ്വകാര്യപണിമടപാട് സ്ഥാപനങ്ങളിൽ നിന്നും ബ്ലേഡ് പലിശയ്ക്കുമൊക്കെ കടമെടുത്തവരുടെ കാര്യം കട്ടപ്പുകയാണ്. തിരിച്ചടവിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല.
സ്റ്റാന്റിലെ പതിവ് കാത്തിരിപ്പിനുപുറമേ എന്തെങ്കിലും കിട്ടിയാലാകട്ടെ എന്നുകരുതി ഊബറിലും രജിസ്റ്റർ ചെയ്യും. നഗരത്തിൽ തിരക്ക് കുറവായതുകൊണ്ട് എവിടെ പ്രതീക്ഷയർപ്പിച്ചാലും യാതൊരു പ്രയോജനവുമില്ലെന്നാണ് അനുഭവം.
രാവിലെമുതലുള്ള മുഷിഞ്ഞകാത്തിരിപ്പ് പലർക്കും മാനസികപിരിമുറുക്കവും പലവിധ ശാരീരിക അസ്വസ്ഥതകളുമുണ്ടാക്കുന്നുണ്ട്.
സർക്കാർ ആപ്പ് സഹായിക്കുമോ?
പുറത്തുനിന്നുള്ള ആട്ടോറിക്ഷകൾ നിയന്ത്രിച്ചാൽ നഗരത്തിലെ പ്രതിസന്ധിക്ക് അൽപ്പമെങ്കിലും ആശ്വാസമാകും. സംസ്ഥാന സർക്കാരിന്റെ പുതിയ ആപ്പ് AuSa Pilot വരുന്നതോടെ ആപ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയിലാണ് ഡ്രൈവർമാർ.
40 വർഷമായി നഗരത്തിൽ ആട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഇപ്പോൾ വരുമാനം കുറഞ്ഞു. നിലനിൽപ്പ് ബുദ്ധിമുട്ടിലാണ്. 60 വയസ് കഴിഞ്ഞതുകൊണ്ട് ക്ഷേമനിധിയിൽ നിന്ന് മാസം 2000 രൂപ പെൻഷൻ കിട്ടുന്നുണ്ട്. കൊവിഡ് കാലത്ത് ഈ പെൻഷൻ വലിയൊരു ആശ്വാസമായി.
- പി.ബി. മോഹനൻ, പുളിക്കത്തുണ്ടിയിൽ, വൈറ്റില.
>>>>>>>>>
മുമ്പ് അര കീലോമീറ്റർപോലും നടക്കാൻ മടിച്ചിരുന്നവർ ഇപ്പോൾ രണ്ടുകിലോമീറ്റർ വേണെങ്കിലും നടന്നുപോകുമെന്നാണ് ആട്ടോക്കാരുടെ നിരീക്ഷണം. പൊതുവാഹനങ്ങൾ ഉപയോഗിക്കാൻ ആളുകൾക്ക് ഭയമാണ്. മാത്രവുമല്ല റോഡിൽ തിരക്കും കുറവാണ്.
>>>>>>>>>>>>>