cor
കൊച്ചി കോർപ്പറേഷൻ പണികഴിപ്പിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു

കൊച്ചി: കൊച്ചി നഗരസഭ അയ്യപ്പൻക്കാവ് 68 ാം ഡിവിഷനിൽ,കോമ്പാറയിൽ മൂന്നര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വനിത ഹോസ്റ്റലിന്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു.നാലു നിലകളിലായിട്ടാണ് ഹോസ്റ്റൽ നിർമ്മിച്ചിരിക്കുന്നത്. താഴത്തെ നില പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഹാൾ ആണ്.കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദ്യോഗത്തിനായും തൊഴിൽ അന്വേഷണത്തിനുമായി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുന്നതിന് ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

ലിഫ്റ്റ്, 24 മണിക്കൂർ വെള്ളം, വൈദ്യുതി എന്നീ സൗകര്യവുമുണ്ട്.ഒരേ സമയം 50 ൽ അധികം വനിതകൾക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടത്തിൽ ഹാൾ, അടുക്കള, ഡൈനിംഗ് ഹാൾ, സ്റ്റോർ, ഓഫീസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ അവസാന വർഷത്തിലാണ് നിർമ്മാണം തുടങ്ങിയത്.പട്ടികജാതി, പട്ടികവർഗക്കാർക്ക് ഹോസ്റ്റൽ പ്രവേശനത്തിൽ മുൻഗണന നൽകുമെന്ന് ഡിവിഷൻ കൗൺസിലർ ദീപക് ജോയ് പറഞ്ഞു.
ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷനായി.ഹൈബി ഈഡൻ എം.പി കെട്ടിടത്തിന്റെ ഹാളിന്റെ ഉദ്ഘാടനം നടത്തി.ടി. ജെ. വിനോദ് എം.എൽ.എ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോൺസൺ , പി.ജെ.മാർട്ടിൻ, ഗ്രേസി ജേക്കബ് ,കൗൺസിലർമാരായ ദീപക് ജോയി ,ആൽബർട്ട് അമ്പലത്തിങ്കൽ, ജോസഫ് അലക്‌സ് ,കൊച്ചി നഗരസഭ എൻജിനിയറിംഗ് ,ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ , റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു