കൊച്ചി: പത്തു ദിവസം നീളുന്ന ട്രിപ്പിൾ ലോക്ക് ഡൗണിനെ നേരിടാനുള്ള ഒരുക്കത്തിലായിരുന്നു ഇന്നലെ ചെല്ലാനം നിവാസികൾ. ഭക്ഷ്യക്ഷാമ ഭീതിയിൽ ആളുകൾ രാവിലെ മുതൽ കടകൾക്ക് മുന്നിലെത്തി.അരിയും പലവ്യഞ്ജനങ്ങളും മൊത്തമായി വാങ്ങിക്കൂട്ടിയാണ് പലരും മടങ്ങിയത്.റേഷൻ കടകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടായിരുന്നത് ആശ്വാസമായി. പൊലീസ് നിരീക്ഷണത്തിലായിരുന്നു കടകളെല്ലാം.അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പഞ്ചായത്തിൽ നിന്ന് പുറത്തേക്ക് പോകാൻ ആരെയും അനുവദിച്ചില്ല. പുറത്തു നിന്നെത്തിയവർക്കും പ്രവേശനം നിഷേധിച്ചു

മൂന്നു വാർഡുകളിൽ രൂക്ഷം

പഞ്ചായത്തിലെ 15, 16, 17 വാർഡുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. ലോക്ക് ഡൗണിനു ശേഷം ജോലിക്ക് പോയിത്തുടങ്ങിയവർ കൊവിഡ് വ്യാപനം ശക്തമായതോടെ വീണ്ടും വീട്ടിൽ ഇരിപ്പാണ്. ചെല്ലാനത്തെ 90 ശതമാനം നിവാസികളും കടലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.

ജീവനക്കാരുടെ കുറവ്

കൊവിഡ് രോഗികൾ സന്ദർശിച്ച ചെല്ലാനത്തെ സ്വകാര്യ ആശുപത്രിയും പി.എച്ച്.സിയും അടച്ചതിനാൽ കണ്ടേക്കടവ് പി.എച്ച്.സി, കണ്ണമാലിയിലെ സ്വകാര്യ ക്ളിനിക് എന്നിവയാണ് ആളുകൾ ആശ്രയിക്കുന്നത്. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതി കെ.ജെ.മാക്സി എം.എൽ.എ ഡി.എം.ഒയെ അറിയിച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ദിനേശൻ സി.ആർ

പത്താം വാർഡ് മെമ്പർ

നിർദ്ദേശങ്ങൾ

അഞ്ച്കിലോ സൗജന്യ അരി നൽകും

കടകളിൽ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കാം

പ്രവർത്തന സമയം 10 മുതൽ 6വരെ

പാൽ വില്പന രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെ മാത്രം

വൈകിട്ട് 7 മുതൽ രാവിലെ 5 വരെ യാത്രാനിരോധനം

നിർബന്ധപൂർവം മാറ്റി താമസിപ്പിക്കില്ല

റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും

റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കും

പഞ്ചായത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കും. വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് തുടങ്ങിയവർ ടീമിന്റെ ഭാഗമാകും. പഞ്ചായത്ത് പരിധിയിലെ സർക്കാർ ഉദ്യോഗസ്ഥരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.സർക്കാർ പ്രഖ്യാപചിച്ച അഞ്ചു കിലോ അരിയുടെ വിതരണം ഇന്ന് ആരംഭിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വീടുകളിൽ സൗജന്യ റേഷൻ പഞ്ചായത്ത് എത്തിച്ചുനൽകും. ആരോഗ്യകാര്യങ്ങൾ നോക്കാൻ മൊബൈൽ ടീമുകളെ നിയോഗിക്കും.

എസ്. സുഹാസ്,ജില്ലാ കളക്ടർ