പറവൂർ: പുത്തൻവേലിക്കര താഴംചിറ പാടശേഖരത്തിലെ മുട്ടിക്കൽ - പനിനീർ പാടത്ത് വിരിപ്പ് കൃഷി ആരംഭിച്ചു. വി.ഡി. സതീശൻ എം.എൽ.എ വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തു. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അദ്ധ്യക്ഷത വഹിച്ചു. ബിജു മുട്ടിക്കൽ, കെ.സി. രാജപ്പൻ, പി.കെ. ഉല്ലാസ്, റീന ഫ്രാൻസിസ്, ഡേവിസ് പനക്കൽ തുടങ്ങിയവർ പങ്കെടുത്തു. സുജ ശശി, കുഞ്ഞപ്പൻ മഠത്തുംപടി എന്നിവരുടെ നേതൃത്വത്തിൽ നാടൻ പാട്ടുകൾ പാടിയാണ് കർഷകർ വിത്ത് വിതച്ചത്.
കഴിഞ്ഞ പ്രളയത്തിൽ വൻനാശമുണ്ടായ മുട്ടിക്കൽ പാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസും പമ്പ് സെറ്റും എച്ച്.ഡി.എഫ്.സി പരിവർത്തൻ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചു. താഴംചിറ പാടശേഖരത്തിൽ പൂർണമായും കൃഷിയോഗ്യമാക്കുന്നതിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ സർവേ ആരംഭിച്ചതായി എച്ച്.ഡി.എഫ്.സി എം.എസ്.എസ്.ആർ.എഫ് ക്ലസ്റ്റർ കോ ഓഡിനേറ്റർ എം.പി. ഷാജൻ പറഞ്ഞു.
തരിശായി കിടക്കുന്നു
500 ഏക്കറർ ഭൂമി
500 ഏക്കറോളം കൃഷി ഭൂമിയുണ്ട് താഴംചിറ പാടശേഖരത്തിൽ. എന്നാൽ കഴിഞ്ഞ 20 വർഷമായി തരിശായി കിടക്കുകയാണ്. സർക്കാരിന്റെ കൈവശത്തിലുള്ള 95 ഏക്കറോളം വരുന്ന വിവാദഭൂമിയിൽ കൃഷി ചെയ്യുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതി ഭാരവാഹികൾ എം എൽ എയ്ക്ക് നിവേദനം നൽകിയിരിക്കുകയാണ്. നാനൂറോളം ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനും കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും യുവജനങ്ങൾക്കും തൊഴിൽ ലഭ്യമാക്കുന്നതിനായി ഇരിപ്പൂകൃഷി ചെയ്യുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.