vadimara-thanal-maram-
വെടിമറ കവലയിലെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തണൽമരം.

പറവൂർ : പതിറ്റാണ്ടുകളുടെ പഴക്കമുള്ള തണൽമരം മുറിക്കാൻ വളഞ്ഞവഴി​ക്ക് നീക്കം. വെടിമറ കവലയിൽ റോഡിനരികെയുള്ള തണൽമരമാണ് വി​വാദത്തി​ൽ. മരത്തിന് ബലക്ഷയമോ കേടുപാടുകളോയില്ല. യാതൊരു സുരക്ഷാ ഭീഷണി ഉയർത്തുന്നുമില്ല. മരത്തിനരികിലൂടെ തെക്കോട്ട് സ്വകാര്യ വ്യക്തിയുടെ വഴിയാണ്. ഇതിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകാൻ മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി സ്ഥലം ഉടമയാണ് രംഗത്തുള്ളത്.

നേരത്തെയും തഹസിൽദാർ, പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ എന്നിവർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മരംമുറിക്കാനെത്തിയിരുന്നു. പരിസരവാസിയായ പൊതുപ്രവർത്തകൻ കെ.എസ്.അബ്ദുൽ വഹാബ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയാണ് മരത്തെ സംരക്ഷിച്ചത്.

സ്റ്റേ നിലനിൽക്കുമ്പോൾ തന്നെ അക്കാര്യം മറച്ചു വച്ച് മരംമുറിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് വെടിമറ തോപ്പിൽ ഷെമീർ ആരോപിച്ചു. ഇതിനെതിരെ നിയമ നടപടികൾ സ്വീകരി​ക്കും. ഒപ്പം സമരത്തി​നുമി​റങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.