കോലഞ്ചേരി: തിരുവാണിയൂർ മുരിയമംഗലം, വെണ്ണിക്കുളം, മ​റ്റക്കുഴി മേഖലയിൽ പേപ്പട്ടിശല്യം രൂക്ഷം. ശനിയാഴ്ചയും ഞായറാഴ്ചയുമായി നാലുപേർക്കാണ് പേപ്പട്ടിയുടെ കടിയേ​റ്റത്. ശനിയാഴ്ച പട്ടിയുടെ കടിയേ​റ്റ് പേയിളകി ഒരു കറവപ്പശു ചത്തു. ഞായറാഴ്ച പേപ്പട്ടിയുടെ കടിയേ​റ്റ രണ്ടുപേർ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വൈകീട്ട് വെണ്ണിക്കുളത്ത് നടന്നുപോയ പെൺകുട്ടിയെ പേപ്പട്ടി കടിക്കാൻ ഓടിച്ചെങ്കിലും ആളുകൾ ബഹളം വച്ച് ഓടിക്കുകയായിരുന്നു. വീടുകളിൽ വളർത്തുന്ന നിരവധി നായ്ക്കൾക്കും ആടുകൾക്കും കോഴികൾക്കും കടിയേ​റ്റിട്ടുണ്ട്. വെണ്ണിക്കുളം ജംഗ്ഷനിലും മുരിയമംഗലം ചോ​റ്റാനിക്കര റോഡിലും തെരുവുനായ്ക്കൾ സംഘമായാണ് തമ്പടിച്ചിരിക്കുന്നത്.