kseb
ഇലവൺ കെ.വി ലൈനിന് താഴെ വൈദ്യുതി നിഷേധിച്ച വീട്

ഉന്നതതല അനുമതി കാത്ത് ഒരു കുടുംബം

കിഴക്കമ്പലം: കെ.എസ്.ഇ.ബിയുടെ വിചിത്രവാദം. പഞ്ചായത്തിന്റെ അവഗണന. നടുമുകൾ പട്ടികജാതി കോളനിയിലെ മൂന്ന് കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിന് ഇനി വേണം 'ഉന്നത ഇടപെടൽ'. വീടിന് മുകളിലൂടെ 11കെ.വി ലൈൻ കടുന്നുപോകുന്നതാണ് ഈ കുടുംബത്തെ ഇരുട്ടിലാക്കിയിരിക്കുന്നത്. നിർദ്ധന കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് സുമനസുകൾ ചേർന്ന് ടിവി നൽകിയെങ്കിലും ഇത് തുറന്ന് നോക്കാൻ പോലും ഇവർക്കായിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ വെളിച്ചമെത്തിയിരുന്നു. ഒരു തവണ ബില്ലടക്കാൻ കഴിയാതെ വന്നതോട അധികൃതരെത്തി ഫ്യൂസ് ഊരി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പണം അടച്ച് വൈദ്യുതി പുന:സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കെ.എസ്.ഇ.ബി ഇതിന് തയ്യാറായില്ല. വീടിന് മുകളിലൂടെ 11കെ.വി ലൈൻ കടന്നുപോകുന്നതിനാൽ വൈദ്യുതി നൽകാനാവില്ലെന്നാണ് കുടുംബത്തെ അറിയിച്ചത്. വൈദ്യുതി പുന:സ്ഥാപിക്കുന്നതിനായി ഉന്നതതല അനുമതി വേണമെന്നും നിർദേശിച്ചു. തുടർന്ന് പഞ്ചായത്തിനെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

'പള്ളിക്കരയുടെ ശബ്ദം' എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് ടിവി ഇല്ലാത്ത വീടുകളിലെ കുട്ടികളെ കണ്ടെത്തിടിവികൾ ടിവികൾ നൽകിയിരുന്നു. അങ്ങനെയാണ് നടുമുകൾ കോളനിയിലെ കുട്ടികൾ ടിവി ലഭിക്കുന്നതും ഇവരുടെ ദുരിതം പുറംലോകം അറിഞ്ഞതും.